നെടുങ്കണ്ടം: രാമക്കൽമെട്ടിനു സമീപം സ്വർഗംമെട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിനുള്ളിൽ ചന്ദനത്തടികൾ കണ്ടെത്തി.
വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ മരുതുംമൂട്ടിൽ അൻസാരിയുടെ സ്ഥലത്തെ കിണറ്റിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാമക്കൽമെട്ടിനു സമീപം ബാലൻപിള്ളസിറ്റിയിൽനിന്നും ചന്ദനമരങ്ങൾ മോഷണം പോയിരുന്നു.
സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കിണറ്റിൽ വെട്ടിക്കീറി കഷണങ്ങളാക്കിയ നിലയിലുള്ള ചന്ദനത്തടികൾ പ്രത്യക്ഷപ്പെട്ടത്.
തടികൾ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഇന്ന് പുറത്തെടുക്കും.
ശനിയാഴ്ച വൈകുന്നേരമാണ് പ്രദേശവാസി കിണറ്റിൽ തടിക്കഷണങ്ങൾ കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം വനംവകുപ്പ് കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായിരുന്നതിനാൽ തടി ചന്ദനമാണോയെന്ന് ഉറപ്പിക്കാനായില്ല.
ഇന്നലെ രാവിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. ഉദയഭാനു, ബിഎഫ്ഒ ടി.എസ്. സുനീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികളാണെന്ന് സ്ഥിരീകരിച്ചത്.
60 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ ഇരുപതോളം ചന്ദനത്തടിയുടെ കഷണങ്ങൾ ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ചന്ദനത്തടികൾ കണ്ടെത്തിയത് കല്ലാർ സെക്ഷനിലെ ഉദ്യോഗസ്ഥർ കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഴമുള്ള കിണറ്റിൽ വിഷവാതകത്തിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അടിത്തട്ടിൽ ജീവവായുവിന്റെ ലഭ്യതയും കുറവായിരിക്കും. ഇതിനാലാണ് ചന്ദനത്തടി പുറത്തെടുക്കാൻ വനംവകുപ്പ് തിടുക്കംകാട്ടാത്തത്.