കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറിയിൽ അഞ്ചു മരണം; രണ്ടുപേർ മലയാളികൾ; അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിലെ വാട്ടർ ടാങ്കാറാണ് പൊട്ടിത്തെറിച്ചത്

 

കൊച്ചി: അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി കെവിൻ, വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്. മൃതദേഹങ്ങൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിന്‍റെ വാട്ടർ ടാങ്ക് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

സ്ഫോടനത്തിന് പിന്നാലെ കപ്പൽശാലയിലേക്ക് പുറത്തുനിന്നുള്ള ഫയർഫോഴ്സും എത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പോലീസ് കപ്പൽശാലയിൽ പ്രവേശിച്ചിട്ടുണ്ട്.

Related posts