വൈക്കം: വേനലിൽ ദാഹിച്ചു വലയുന്നവർക്ക് കുളിർ പകരാൻ തണ്ണിമത്തൻപോലെ ഇനി പൊട്ടുവെള്ളരിയും വിപണിയിൽ വ്യാപകമാകും. കേരള വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ സഹകരണത്തോടെ മറവൻതുരുത്തിലെ കൊടുപ്പാടത്ത് രണ്ടര ഏക്കറിൽ ഹരിതസമൃദ്ധി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പൊട്ടുവെള്ളരി കൃഷി ചെയ്തിരിക്കുകയാണ്. തൃശൂർ ജില്ലയിൽ വ്യാപകമായി പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. ഇവിടുത്തെ കർഷകരിൽ നിന്നാണ് ഹരിതസമൃദ്ധി കർഷക കൂട്ടായ്മ വിത്ത് വാങ്ങിയത്.
പാടത്ത് വിത്ത് പാകി ഒരു മാസമായപ്പോൾ പൊട്ടു വെള്ളരിച്ചെടികൾ പൂത്തു കായ്ച്ചു. കൊടുപ്പാടത്ത് വിളഞ്ഞ ഒരു പൊട്ടുവെള്ളരിക്ക് രണ്ടു കിലോഗ്രാം തൂക്കമുണ്ട്. കിലോഗ്രാമിനു 30 രൂപ നിരക്കിലാണിപ്പോൾ സംഘം കടകളിൽ പെട്ടുവെള്ളരി നൽകുന്നത്. പാകമാകുന്പോൾ വെള്ളരിയിൽ ഒരു പൊട്ടു പാടു വീഴും. പൊട്ടുപാടു വീഴുന്നതിനു മുന്‍പ് ശ്രദ്ധാപൂർവം വെള്ളരി അടർത്തി കവുങ്ങിൻ പാളയിൽ വയ്ക്കും.
വിളവെടുത്തു അധികനേരം കഴിയുന്നതിനു മുന്‍പ് ജ്യൂസായി ഉപയോഗിച്ചില്ലെങ്കിൽ വെള്ളരി കേടായി നശിക്കുന്നതിനാൽ വ്യാപകമായി ഉൽപാദനം നടത്തുന്പോൾ കൂടുതൽ വിപണന കേന്ദ്രങ്ങൾ തുറക്കേണ്ടി വരുമെന്ന് കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിൽ ഡെപ്യൂട്ടി മാനേജർ ജി. ലേഖ പറഞ്ഞു.
വൈക്കത്തും സമീപ പ്രദേശങ്ങളിലും വാഹനത്തിലെത്തിച്ച് വഴിയോരത്തു വച്ചു ഹരിതസമൃദ്ധി സംഘാംഗങ്ങൾ നേരിട്ടു പൊട്ടുവെള്ളരി വിൽക്കുകയാണിപ്പോൾ. ഹരിതസമൃദ്ധി കർഷക സംഘം പ്രസിഡന്റ് പ്രതീഷ് നെടുന്പുറത്ത്, സെക്രട്ടറി സുന്ദരൻ നളന്ദ , ട്രഷറർ മോഹനൻ അന്പാടി, സജി തട്ടാംതറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊട്ടുവെള്ളരി കൃഷി നടത്തി വരുന്നത്.