കൊടുങ്ങല്ലൂർ: കാക്കിക്കുള്ളിലെ ജീവിതത്തിനുള്ളിൽ പൊട്ടുവെള്ളരി കൃഷിയുമായി പോലീസുകാർ. പോലീസുകാരനാണോ കൃഷിക്കാരനാണോ എന്ന് ചോദിച്ചാൽ ഒരു കാർഷിക മനസ് തങ്ങളിൽ ജന്മനായുണ്ടെന്ന് ഷനിലും വിബീഷും ഒരേസ്വരത്തിൽ പറയും.
തൃശൂർ ജില്ലയിലെ പുല്ലൂറ്റ് പെരിങ്ങപ്പാടം സ്വദേശികളായ വിബീഷും ഷനിലും പൊട്ടുവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ്. നെടുന്പാശ്ശേരി എയർപോർട്ടിൽ സിവിൽ പൊലീസാണ് ഷനിൽ. വിബീഷ് അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലും.
കൃഷിയിൽ ഇവർക്ക് കൂട്ടിന് കൂലിപ്പണിക്കാരായ മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവും കൂടെയുണ്ട്.
ജോലിക്കിടയിലും കൃഷിയോടുള്ള താത്്പര്യം വിടാതെ സൂക്ഷിച്ച സംഘം സുരേഷ് ബാബുവിന്റെ 80 സെന്റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്.
സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്. 1000 മീറ്ററിൽ ഒൻപത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി.
10 വർഷമായി സർവീസിലുള്ള വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെൽ കർഷകനാണ്. കതിർ എന്ന കൂട്ടായ്മയിൽ അംഗവുമാണ്. ഒരു ചെറുകിട-വീട്ടുകൃഷിയുടെ സ്വഭാവമാണ് എട്ട് വർഷം സർവീസുള്ള ഷനിലിന്റേത്.
കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താൽപര്യമാണ് മറ്റ് മൂവരെയും ഒരുമിച്ച് കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.
കൃഷിയുമായി ബന്ധംവെയ്ക്കുന്ന മനസുകൾ സമൂഹത്തിൽ പൊതുവെ കുറഞ്ഞുവരുന്നു എന്ന് തോന്നിപ്പിക്കുന്ന കാലത്താണ് ഇവരെപ്പോലെയുള്ള ചെറുപ്പക്കാർ സമൂഹത്തിന് മാതൃകയാകുന്നത്.
വിളവെടുപ്പുത്സവം അഡ്വ. വി. ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർപേഴ്സണ് ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി കെ രാമനാഥൻ, കൗണ്സിലർ വി ജി രതീഷ് എന്നിവർ പങ്കെടുത്തു.