മലയാറ്റൂർ: കൊറ്റമം സ്വദേശിനിയായ വീട്ടമ്മയുടെ മരണത്തിൽ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ കോയന്പത്തൂരിലേക്ക്. ആലുവ റൂറൽ എസ്പിയെ നേരിൽ കണ്ട് പരാതി നൽകാൻ ചെന്നപ്പോൾ അദേഹം നൽകിയ നിർദേശമനുസരിച്ചാണ് കോയന്പത്തൂരിൽ സ്ഥലം എസ്പിയ്ക്കും പരാതി നൽകുന്നത്. അപകടം സംഭവിച്ചതും പോസ്റ്റുമോർട്ടം നടത്തിയതും കോയന്പത്തൂരിലായതിനാലാണ്, അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ എസ്പി നിർദേശിച്ചത്.
കൊററമം ചുണ്ടങ്ങ ജോസിന്റെ ഭാര്യ പൗളിൻ (58) ആണ് കഴിഞ്ഞ വ്യാഴാഴ്ച വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും റോജി എം. ജോണ് എംഎൽഎയ്ക്കും വനിത കമ്മീഷനും പരാതി നൽകിയിരുന്നു.
മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നീക്കണമെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും എംഎൽഎയ്ക്കും ഇ-മെയിൽ മുഖേനയും വനിത കമ്മീഷന് നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. മരിച്ച പൗളിന്റെ ഭർത്താവും മക്കളുമാണ് പരാതി നൽകിയത്. ഒൻപതിന് കോയന്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിൽ വച്ചാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ 12 ന് രാവിലെ പൗളിൻ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
സാമൂഹ്യ പ്രവർത്തകയായ പൗളിൻ തന്റെ ജീവനു ഭീഷണിയുള്ളതായി വീട്ടുകാരോട് നേരത്തെ അറിയിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ചില വ്യക്തികളുമായി സ്ഥലമിടപാടുകളും അതുമായി ബന്ധപ്പെട്ട പണമിടപാടുകളും നടന്നിട്ടുണ്ടെന്ന് പൗളിന്റെ സുഹൃത്തുക്കളും പറയുന്നുണ്ട്. കോയന്പത്തൂരിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം എടുത്തപ്പോഴാണ് സംശയാസ്പദമായ അടയാളങ്ങൾ കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ആഴത്തിലുള്ള മുറിവുകളും കാലിൽ വിവിധ ആകൃതിയിലുള്ള പാടുകളും കണ്ടതിനെതുടർന്നാണ് ബന്ധുക്കൾക്ക് മരണത്തിൽ അസ്വാഭാവികത തോന്നിയത്.
ബൈക്കിനു പുറകിൽ ഇരുന്ന് സഞ്ചരിച്ചപ്പോഴാണ് അപകടം നടന്നതെന്നാണ് കോയന്പത്തൂർ പോലീസ് നൽകിയ വിവരം. എന്നാൽ ശരീരത്തിൽ കാണുന്ന മുറിവുകൾ വാഹനാപകടത്തിൽ സംഭവിച്ചിട്ടുള്ള മുറിവുകളല്ലായെന്നാണ് ബന്ധുക്കളുടെ ആരോപണം. കോയന്പത്തൂരിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ മോർച്ചറിയിലാണ്. കോയന്പത്തൂരിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടതിനുശേഷമായിരിക്കും സംസ്ക്കാരചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു.