ബാഴ്സലോണ: ബ്രസീൽ സൂപ്പർ താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽനിന്നും വീണ്ടും ചൈനീസ് ക്ലബിലേക്ക് മാറുന്നു. ചൈനീസ് ക്ലബ് ഗാംഗ്ചോ എവർഗ്രാൻഡെയിലേക്കാണ് വായ്പാ അടിസ്ഥാനത്തിൽ പൗളീഞ്ഞോ തിരിച്ചുപോകുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ കൈമാറ്റ തുക വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ഗാംഗ്ചോ എവർഗ്രാൻഡെയിൽനിന്നാണ് പൗളീഞ്ഞോ ബാഴ്സയിൽ എത്തിയത്. ലാ ലിഗയിലെ ചാമ്പ്യൻ ക്ലബിനുവേണ്ടി 34 മത്സരങ്ങളിൽനിന്നായി ഒമ്പത് ഗോളുകളാണ് പൗളീഞ്ഞോ നേടിയത്.
ഇരുപത്തൊൻപതുകാരനായ പൗളീഞ്ഞോയ്ക്കു ലോകകപ്പിൽ തിളങ്ങാനായിരുന്നില്ല. വരുന്ന സീസണിൽ ബാഴ്സയുടെ ആദ്യ ഇലവനിൽ സ്ഥാനം സംശയത്തിലായതോടെയാണ് താരം ലാ ലിഗ വിട്ടത്.