തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡ് കടന്നിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് നടക്കും. വൈകുന്നേരം മൂന്നിനാണ് യോഗം.
കറന്റ് ചാർജ് കൂടുമോ പവർകട്ട് ഉണ്ടാകുമോയെന്നുള്ള നിർണായക തീരുമാനങ്ങൾ ഇന്ന് യോഗത്തിലുണ്ടാവും. കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്ത ജനങ്ങള്‍ക്ക് പവർ കട്ടെന്ന ഇരുട്ടടി കൂടി ഏറ്റുവാങ്ങേണ്ടി വരുമോയെന്നുള്ള വിവരം ഇന്നറിയാം. കൂട്ടത്തിൽ ചാർജ് വർധന കൂടി ഉണ്ടായാൽ ഡബിൾ ഷോക്കായിരിക്കും ഉണ്ടാകുക.
വൈദ്യുതി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ആലോചിക്കും. ഉപഭോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ച്ചാര്‍ജ് കൂട്ടുന്നത് പരിഗണിക്കും. വൈദ്യുതി നിരക്ക് കൂട്ടല്‍, ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ഇബി ഇന്ന് യോഗത്തിൽ ആവശ്യപ്പെടും. സര്‍ച്ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചേക്കും.