ഗാന്ധിനഗർ: മുറ്റമടിക്കാൻ വരെ യന്ത്രം എത്തിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ചങ്കിടിപ്പു വർധിച്ചു. കുറേ പേരുടെ പണിയെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വാർഡുകളും റോഡും മുറ്റവുമൊക്കെ വൃത്തിയാക്കുന്നതിന് പവർ വാഷ് മെഷീൻ ഉപയോഗിച്ചു തുടങ്ങി. എട്ട് പവർ മെഷീനാണ് മെഡിക്കൽ കോളജ് ആശുപത്രി ശുചീകരണത്തിനായി വാങ്ങിയത്.
അഞ്ച് എണ്ണം അകത്ത് ഉപയോഗിക്കുന്ന വിധത്തിലുള്ളതും മൂന്നെണ്ണം റോഡ് വൃത്തിയാക്കുന്നതിനുമാണ്. ജീവനക്കാർ ചൂല് ഉപയോഗിച്ച് കടലാസുകൾ അടക്കമുള്ള വെയ്സ്റ്റുകൾ നീക്കം ചെയ്ത ശേഷം ഇൻസൈഡ് പവർ മെഷീൻ ഉപയോഗിച്ച് കഴുകും. ഇങ്ങനെ കഴുകിയാൽ പിന്നീട് ഒരാഴ്ച ത്തേയ്ക്ക് കഴുകേണ്ടി വരില്ലെന്നാണ് ഇതിന്റെ ഗുണമെന്ന് മെഷീൻ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പറയുന്നു.
വാർഡുകളിൽ ഉപയോഗിക്കുന്ന മെഷീനും റോഡിൽ ഉപയോഗിക്കുന്നതും രണ്ടു തരത്തിലുള്ളവയാണ്. റോഡിലെ പൊടിപടലങ്ങളും ചെറിയ തരത്തിലുള്ള വെയിസ്റ്റുകളും ശേഖരിക്കുകയും ചെയ്യും. വാർഡിൽ ഉപയോഗിക്കുന്ന മെഷീനിൽ നിന്നും രോഗാണുക്കളെ നശിപ്പിക്കുന്ന മിശ്രിതം ചേർത്ത് കഴുകുന്ന തരത്തിലുള്ളവയാണ്.
പുതിയ മെഷീൻ വന്നതോടുകൂടി ആശുപത്രി വാർഡുകളും പരിസരവും കൂടുതൽ വൃത്തിയാകുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർഅതേ സമയം ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുമെന്ന കാര്യത്തിൽ സംശയമില്ല.