കാസർഗോഡ്: പോക്സോ കേസിൽ പ്രതിയായ ചെറുമകന്റെ മുത്തശി പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് തള്ളി.
82 വയസുള്ള വിധവയായ തന്റെ വീട്ടിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ നിരന്തരമെത്തി സെർച്ച് വാറണ്ടില്ലാതെ വീട്ടിൽ കയറി പരിശോധിക്കുകയാണെന്നായിരുന്നു കടുമേനി സ്വദേശിനിയുടെ പരാതി.
പരാതിയെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരിയുടെ മകളുടെ മകൻ പോക്സോ കേസിലെ പ്രതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ രണ്ടാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസന്വേഷണം നടക്കുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപരമായി ഒളിവിൽ കഴിഞ്ഞതു കൊണ്ടാണ് പരാതിക്കാരിയുടെ വീട്ടിൽ നിയമപരമായ പരിശോധനകൾ നടത്തിയത്.
2021 ജൂലൈക്ക് ശേഷം പ്രതിയെ അന്വേഷിച്ച് പരാതിക്കാരിയുടെ വീട്ടിൽ പോയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരിയെ ശല്യപ്പെടുത്താനോ മാനസികമായി ദ്രോഹിക്കാനോ പോലീസ് ശ്രമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
82 വയസുള്ള പരാതിക്കാരി മറ്റാരുടേയോ പ്രേരണയിലാണ് ഇത്തരത്തിൽ പരാതി നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.