കെ.ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളിലുള്ള പ്രതികളുടെ മനസറിയാല് ജയില്‍വകുപ്പ് . പോക്സോ കേസുകളിലുള്‍പ്പെടെ തടവറയിലുള്ള പ്രതികളുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ധവും മറ്റു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും അറിയുന്നതിനായും പരിഹരിക്കുന്നതിനായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനേയും കൗണ്‍സിലര്‍മാരേയും നിയമിക്കാന്‍ തീരുമാനമായി.
ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയും കൗണ്‍സിലര്‍മാരുടേയും തസ്തിക സൃഷ്ടിക്കണമെന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു.
കരാര്‍ വ്യവസ്ഥയില്‍ മൂന്ന് ക്ലിനിക്കല്‍ സൈക്കോള്ജിസ്റ്റിനേയും അഞ്ച് കൗണ്‍സിലര്‍മാരേയും നിയമിക്കാനാണ് ജയില്‍വകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലാണ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നത്. തിരുവനന്തപുരം, എര്‍ണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജയില്‍ സ്ഥാപനങ്ങളിലാണ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നത്.
സൈക്കോളജിസ്റ്റിന് പ്രതിമാസം 30,000 രൂപയും കൗണ്‍സിലറിന് 13,000 രൂപയുമാണ് അനുവദിക്കുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്് എംഫില്‍ യോഗ്യതയും കൗണ്‍സിലര്‍മാര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഎസ്ഡബ്ല്യുവും ആവശ്യമാണ്.
മാനസിക പ്രശ്നങ്ങള്‍ തടവുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥിയിലാണ് പുതിയ തീരുമാനം. ജയിലുകളില്‍ തടവുകാര്‍ ആത്മഹത്യ ചെയ്യുന്നത് ജയില്‍വകുപ്പിനെ പലപ്പോഴും പ്രതികൂട്ടിലാക്കിയിട്ടുണ്ട്.
ഇത് സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കും. ഈ വര്‍ഷമാദ്യം കോഴിക്കോട് സബ് ജയിലില്‍ പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കിയിരുന്നു.
തുടര്‍ന്ന് ജയില്‍ വകുപ്പിനെതിരേ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് നടപടിയും സ്വീകരിച്ചത്.
കൗണ്‍സിലിംഗും മറ്റും കൃത്യമായി നടത്തിയാല്‍ തടവുകാരുടെ ആത്മഹത്യാ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നാണ് ജയില്‍വകുപ്പ് കരുതുന്നത്.
പോക്സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ കടുത്ത മാനസിക സമ്മര്‍ദ്ധമാണ് അനുഭവിക്കുന്നതെന്നാണ് ജയില്‍വകുപ്പ് അധികൃതര്‍ പറയുന്നത്. ഇവരെ കൃത്യമായി നിരീക്ഷിക്കുകയെന്നത് ജയിലധികൃതര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഒരു തടവുകാരനെ മുഴുവന്‍ സമയവും നിരീക്ഷിക്കുകയെന്നത് ജയില്‍വകുപ്പിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കുന്നത്.