മൂവാറ്റുപുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ പോയാലിമല ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പായിപ്ര പഞ്ചായത്ത് ബജറ്റിൽ പദ്ധതിക്ക് 25 ലക്ഷം വകയിരുത്തിയതാണ് പ്രതീക്ഷ നൽകുന്നത്. പോയാലിമലയെ പ്രധാന വിനോദ സഞ്ചാര കേന്ദമാകുന്നതിനുളള എല്ലാ സാധ്യതകളും നിലവിലുണ്ട്.
ഒരിക്കലും വറ്റാത്ത വെള്ളമുള്ള മലമുകളിലെ പാറയിലുള്ള ചെറുകിണർ കാണാൻ നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സർക്കാർ പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നിട്ട് നാളുകളായി. മൂവാറ്റുപുഴയിൽ നിന്നു 10 കിലോമീറ്റർ മാത്രം അകലെയുള്ള പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് പോയാലിമല സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നു 250 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല പാറക്കെട്ടുകളും മൊട്ടകുന്നുകളും നിറഞ്ഞ് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതു സമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്. ഐതീഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിലുള്ള കിണറും, കാൽപാദവും നാട്ടുകാർ എന്നും അദ്ഭുതത്തോടെയാണ് നോക്കി കാണുന്നത്. മലമുകളിൽ നിന്നു നോക്കിയാൽ കാണുന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് പോയാലിമലയിൽ എത്തികൊണ്ടിരിക്കുന്നത്.
മലയിലേക്കെത്താൻ ഉണ്ടായിരുന്ന വഴികളിൽ പലതും മലയുടെ താഴ്ഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായി. നിലവിൽ നിരപ്പ് ഒഴുപാറയിൽനിന്ന് ആരംഭിക്കുന്ന ചെറിയ വഴി മാത്രമാണ് മലമുകളിലേക്കുള്ളത്. ഇവിടെ ഖനനം ആരംഭിക്കാൻ പാറമട ലോബി ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി സംഘടനകളുടെയും എതിർപ്പുമൂലം ഇതിനു കഴിഞ്ഞിട്ടില്ല.
ഇടുക്കി ടവർലൈൻ കടന്നു പോകാനായി മല രണ്ടായി പകുത്തപ്പോൾ മലയുടെ ഒരു ഭാഗം പാറമട ലോബിയുടെ കൈവശമെത്തി. ഇവിടെ പ്രവർത്തിക്കുന്ന പാറമടയുടെ പ്രവർത്തനം മൂലം മലയുടെ മറുഭാഗത്തെ മനോഹരമായ കാഴ്ചയായിരുന്ന വെള്ളച്ചാട്ടം അപ്രത്യക്ഷമായി. മുളവൂർ തോടിന്റെ കൈവഴിയായി ഒഴുകിയെത്തിയിരുന്ന താന്പലതോട്ടിലെ കൽച്ചിറയിലെ നീന്തൽ പരിശീലന കേന്ദ്രവും നശിപ്പിച്ച നിലയിലാണ്.
10 വർഷം മുന്പ് മുൻ എംഎൽഎ ബാബു പോളും അന്ന് പഞ്ചായത്തംഗമായിരുന്ന പി.എ. കബീറും കൂടി തയാറാക്കിയ പോയാലി ടൂറിസം പ്രോജക്ടും നിവേദനവും അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണനു നൽകിയിരുന്നു. പോയാലി മലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനങ്ങൾ അധികൃതർക്ക് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതിനിടെ എൽദോ ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ പോയാലി മലയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പഠനവും നടത്തിയിരുന്നു.
പഞ്ചായത്ത് 25ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും എംപിയുടെയും എംഎൽഎയുടെയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായവും ലഭിച്ചാൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഇബ്രാഹിം പറഞ്ഞു. ഇതിനായി അടുത്ത ദിവസംതന്നെ ജനപ്രതിനിധികളെയും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെയും ഉൾപ്പെടുത്തി യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് എളുപ്പത്തിൽ എത്താവുന്ന രൂപത്തിൽ റോഡ്, റോപ്പ് വേ, മലമുകളിലെ വ്യൂ പോയിന്റുകളിൽ നിന്നു കാഴ്ച ആസ്വദിക്കാനുള്ള സൗകര്യം, വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം, മലമുകളിലെ അത്ഭുത കിണർ, കാൽപാദം, വെള്ളച്ചാട്ടം തുടങ്ങിയവയുടെ സംരക്ഷണം, ഉദ്യാന നിർമാണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയിരുന്നത്. പ്രകൃതി കനിഞ്ഞ പോയാലിമലയെ ടൂറിസം കേന്ദ്രമാക്കാനുള്ള എല്ലാ സാധ്യതകളും ഉള്ളപ്പോൾ ശരിയായ രീതിയിൽ പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുക മാത്രമാണ് വേണ്ടത്.