മാള: വില്ലേജ് ഓഫീസിൽ എത്തുന്നവൻ ആരായാലും തല കുന്പിടാതെ ഇവിടെ കാര്യങ്ങൾ നടത്താനാകില്ല. പൊയ്യ വില്ലേജിലാണ് ഈ സാഹചര്യം.
കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ – മടത്തുംപടി – പളളിപ്പുറം വില്ലേജ് ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിലാണ് ഈ അപൂർവ തല കുന്പിടലിനു സാഹചര്യം.
25 വർഷങ്ങൾക്കുമുന്പ് മാള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായി ഒരുലക്ഷം രൂപയോളം ചെലവ് ചെയത് സ്ഥാപിച്ച സോളാർ പാനലാണ് പൊതുജനത്തിനു ശല്യമായി സ്ഥിതി ചെയ്യുന്നത്.
വില്ലേജ് ഓഫീസിൽ കയറുന്നതിനായി സ്ഥാപിച്ച റാന്പിനു മുകളിലായി സോളാർ പാനൽ സ്ഥിതി ചെയ്യുന്നതിനാൻ വില്ലേജ് ഓഫീസിലേക്കു പ്രവേശിക്കണമെങ്കിൽ കുനിയാതെ സാധ്യമല്ല. കൂടാതെ ശ്രദ്ധിക്കാതെ വരുന്നവരുടെ തല സോളാർ പാനലിൽ ഇടിക്കുന്നതും പതിവായിരിക്കുകയാണ്.
വില്ലേജ് ഓഫീസ് പരിസരത്തുള്ള പൊതുകിണറിൽ നിന്നും ജനങ്ങൾക്കാവശ്യമായ ശുദ്ധജലം പന്പ് ചെയ്തു നൽകുന്നതിനുവേണ്ടി സ്ഥാപിച്ച മോട്ടറിനു വൈദ്യുതി ലഭിക്കുന്നതിനായാണ് സോളാർ സിസ്റ്റം സ്ഥാപിച്ചത് എന്നാൽ ഒരു ദിവസം പോലും ഈ സിസ്റ്റം പ്രവർത്തിച്ചില്ലെന്നു പറയുന്നു.
അതേ സമയം നിലവിൽ സോളാർ പാനൽ ഒഴിച്ച് മറ്റ് അനുബന്ധ സാമഗ്രഹികൾ ഇവിടെ കാണുന്നില്ലെന്നും പറയുന്നു.സോളാർ സിസ്റ്റം സ്ഥാപിക്കുന്ന അവസരത്തിൽ ഇതിനു സമീപമുള്ള പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
പിന്നീട് വില്ലേജ് ഓഫീസ് പുതുക്കി പണിതെങ്കിലും ഓഫീസിനു മുന്നിൽ നോക്കുകുത്തിയായി സഞ്ചാര തടസം സൃഷ്ടിക്കുന്ന സോളാർ പാനൽ നീക്കം ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ ബ്ലോക്ക് പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.
ഉദ്യോഗസ്ഥർ മാറി മാറി വരുമെങ്കിലും തടസമായി നിൽക്കുന്ന സോളാർ പാനലിനെ കുറിച്ച് അനേഷിക്കാനോ മേൽ ഉദ്യോഗസ്ഥരോടു റിപ്പോർട്ട് ചെയ്യാനോ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചീട്ടില്ല.
വില്ലേജിൽ വരുന്ന പൊതുജനങ്ങൾക്കു തടസമായി നിൽക്കുന്ന സോളാർ പാനൽ അടിയന്തിരമായി അഴിച്ചുമാറ്റി ലേലം ചെയ്തു നൽകി ആ സംഖ്യ സർക്കാരിലേക്കു മുതൽകൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് വി.ആർ. സുനിൽകുമാർ എംഎൽഎയ്ക്കും മാള ബ്ലോക്ക് പഞ്ഞായത്ത് സെക്രട്ടറിക്കും തൃശൂർ റവന്യുഡിവിഷണൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.