കൊച്ചി: ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ “പൊന്മാന്’ എന്ന ചിത്രത്തിലെ യഥാര്‍ഥ നായകനായ പി. പി അജേഷിനെ തെരയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്ക്രീനില്‍ പി.പി. അജേഷിനെ അവതരിപ്പിച്ച ബേസില്‍ ജോസഫാണ് യഥാര്‍ഥ അജേഷിനെ അന്വേഷിക്കുന്നത്.
തങ്ങള്‍ അയാളെ തേടുകയാണെന്നും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി ബേസില്‍ ജോസഫ് ഇട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്ന് പറ്റിക്കപ്പെടുമ്പോള്‍ യഥാര്‍ഥ അജേഷിന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അന്നത്തെ വില, ബേസില്‍ ജോസഫ് അദ്ദേഹത്തിന് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
2004-2007 കാലഘട്ടത്തില്‍ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി.പി. അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.
ഈ ചിത്രം ജി.ആര്. ഇന്ദുഗോപന്റെ “നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കഥ. “യഥാര്‍ഥ അജേഷേ, നീയെവിടെ ബേസില്‍ വിളിക്കുന്നു! 2004 നും 2007 നുമിടയില്‍ കൊല്ലത്തെ തീരദേശത്ത് ഒരു വിവാഹത്തിനിടയില്‍ പറ്റിക്കപ്പെട്ട ആ ജ്വല്ലറിക്കാരന് പയ്യന്, നമ്മുടെ യഥാര്‍ഥ അജേഷ് എവിടെ? അവന്റെ കഥയാണ് “പൊന്മാന്റെ’ പ്രചോദനം. സഹോദരാ, നിന്നെ സ്ക്രീനിലെ പി.പി. അജേഷ്, ബേസില്‍ ജോസഫ് അന്വേഷിക്കുന്നു. കടന്നു വരൂ..!’- ഇതാണ് പൊന്മാന് ടീം സമൂഹ മാധ്യമത്തില്‍ കുറിച്ച വാക്കുകള്‍.