മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പി.പി.ബഷീറിനെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് മത്സരത്തിന് കച്ചമുറുക്കി. മുസ്ലിം ലീഗ് കോട്ടയിൽ ഇത്തവണ കനത്തവെല്ലുവിളി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, അഭിഭാഷകനുമായ പി.പി.ബഷീർ മണ്ഡലത്തിന് പരിചിതനാണെന്നത് അദ്ദേഹത്തിന് അനുകൂലമായ ഘടകമായി.
സ്വതന്ത്രനെ രംഗത്തിറക്കി മൽസരത്തെ നേരിടാമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും ചുരുങ്ങിയ സമയത്തിനകം പറ്റിയ ആളെ കണ്ടെത്താനും, അയാളെ മണ്ഡലത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലെത്താനും സാധിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപിടിക്കുന്ന സ്ഥാനാർഥിയാവും വേങ്ങരയിൽ മത്സരിക്കുക എന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.2016 ൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയും പി.പി.ബഷീറായിരുന്നു മത്സരിച്ചിരുന്നത്.
38057 വോട്ടിനാണ് അന്ന് ബഷീർ കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്. പാർട്ടിയും മുന്നണിയും വേങ്ങരയിൽ മത്സരത്തിന് പൂർണസജ്ജമെന്ന് പി.പി.ബഷീർ പറഞ്ഞു. 2016ലേക്കാൾ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോൾ മണ്ഡലത്തിലുള്ളത്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മുഴുവൻ വരും ദിവസങ്ങളിൽ വേങ്ങര കേന്ദ്രീകരിച്ചുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വോട്ടർമാർക്ക് ഏറെ വാഗ്ദാനങ്ങൾ വാരിയെറിഞ്ഞു പാതിയിൽ മണ്ഡലത്തെ ഉപേക്ഷിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി മറ്റു പദവി തേടിപ്പോയതിൽ വോട്ടർമാർക്കുള്ള വിമർശനത്തെ വോട്ടാക്കി മാറ്റുക കൂടി ലക്ഷ്യം വച്ചാണ് മണ്ഡലത്തിലെ വോട്ടർ കൂടിയായ ബഷീർ വീണ്ടും മത്സരരംഗത്തെത്തുന്നത്.
ഇടതുപക്ഷം വൻ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിൽ ലക്ഷ്യം വെയ്ക്കുന്നത്. അന്പതുകാരനായ ഇദ്ദേഹം മികച്ച പ്രാസംഗികനുമാണ്. മന്പുറം ജിഎൽപി സ്കൂൾ, തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ, എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നിന്ന് ബിരുദവും, കോഴിക്കോട് ലോ- കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും മുഷ്യാവകാശ നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പട്ടർക്കടവൻ പുഴമ്മൽ യാക്കൂബിന്റെയും കോലാരി പാത്തുട്ടിയുടെയും മകനാണ്. തിരുർ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപിക ഡോ.ഷംസാദ് ഹുസൈനാണ്. ഭാര്യ. മകൾ: ഇനിയാ ഇശൽ.