സി.ആര്. സന്തോഷ്
ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആര്യന് (6), അമൃത (4) എന്നിവരെ കേരള പോലീസിന് കണ്ടെത്താനായത് കാലടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസര്‍ പി.പി. ബിനുവിന്റെ സമയോചിത ഇടപെടലിലൂടെ.
കാലടി പോലീസ് സ്റ്റേഷന് പരിധിയിലെ ഒന്‍പതാം തരം വിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താനായി രണ്ടുമാസം മുമ്പ് ഈ പോലീസ് ഉദ്യോഗസ്ഥന് മുംബൈ ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെകീഴിലുള്ള മുംബൈ ഉമ്മര്ക്കാടിയിലെ ചൈല്‍ഡ് വൈല്‍ഫെയര്‍ ഹോമില്‍ പോയിരുന്നു. മുംബൈയില്‍ അനാഥമായി കണ്ടെത്തുന്ന കുട്ടികളെ പോലീസും സന്നദ്ധ സംഘടനകളും ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. ഇവിടെ നിന്നു തന്നെയാണ് ആര്യനെയും അമൃതയെയും തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ജനുവരി 20 ഓടെ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ആര്യനും അമൃതയും എത്തിയിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അനാഥരായി നടക്കുന്നതുകൊണ്ട് റെയില്‍വേ പോലീസാണ് കുട്ടികളെ ഹോമിലെത്തിച്ചത്. കാലടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും ഇവിടെ നിന്നാണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്.
അന്ന് കുട്ടിയുമായി മടങ്ങുമ്പോള്‍ ഹോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുംബൈ പോലീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബിനുവിന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ഇനി കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ കുട്ടികളെത്തിയാല്‍ അറിയിക്കണെമന്ന വിനീതമായ അഭ്യര്‍ഥനയും നല്‍കിയിരുന്നു. ഇത് പ്രകാരം ഈ വനിത പോലീസ് ഉദ്യോഗസ്ഥ ബിനുവിനെ വിളിച്ച് രണ്ട് കുട്ടികളുടെ കാര്യം പറയുകയും ഈ കുട്ടികളുമായി ബിനു ഫോണില്‍ സംസാരിക്കുകയും ചെയ്തു. അപ്പോള്‍ ഇളയകുട്ടി അമൃത മലയാളത്തിലുള്ള ചോദ്യത്തിന് മറുപടി നല്കി. ഇതോടെ ബിനു പോലീസ് ആസ്ഥാനത്തും , കാസര്‍ഗോഡ് മുതലുള്ളസിഐ ഓഫീസുകളിലും കുട്ടികളെ കുറിച്ചുള്ള വിവരം അറിയിക്കാന്‍ തീരുമാനിച്ചു.
കാസര്‍ഗോഡ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ ഇരിട്ടിയില്‍ നിന്നാണ് കുട്ടികളെ കാണാതയാതെന്ന സംശയം പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കേസന്വേഷിക്കുന്ന എസ്ഐ എസ്.അന്‍ഷാദ് എന്നിവരുമായി ഈ പോലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ടു. മുബൈയില്‍ നിന്ന് വാട്സ്ആപ്പ് വഴിലഭിച്ച ഫോട്ടോയും ഇവര്‍ക്ക് കൈമാറി. ഇതോടെയാണ് സ്ഥിരീകരണം ഉണ്ടായത്.
നാടോടി യുവതി ശോഭ കൊല്ലപ്പെട്ട ജനുവരി15ന് പുലര്‍ച്ചെ തന്നെ പ്രതി മഞ്ജുനാഥ് ആര്യനെയും അമൃതയെയും കൂട്ടി സ്ഥലം വിട്ടിരുന്നു. മംഗളൂരുവിൽ നിന്ന് മുബൈക്ക് കുട്ടികളെ ട്രെയിന്‍ കയറ്റി വിട്ട പ്രതി മഞ്ജുനാഥ് അവിടെ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് കടക്കുകയുമായിരുന്നു.
കഴിഞ്ഞ ജനുവരി18നാണ് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടകിണറ്റില്‍ കണ്ടെത്തിയ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ സാധ്യതയായിരുന്നു പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍. എന്നിരുന്നാലും കഴുത്ത് ഞെരിച്ച് കിണറ്റിലിട്ട് നടത്തിയ കൊലയാണിതെന്ന് എസ്ഐ ട്രയിനിയായ അന്‍ഷാദ് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. പിന്നീട് കൊല്ലപ്പെട്ട യുവതി കര്‍ണാടക മാണ്ഡ്യ സ്വദേശിനിയായ ശോഭയെ (25)യാണെന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ശോഭയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് തുംകൂര്‍ സ്വദേശി മഞ്ജുനാഥ് (45)ആണ് പ്രതിയെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
കോടതിയുടെ അനുമതിയോടെ ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോള്‍ കൊല്ലപ്പെട്ട ശോഭയുടെ ആദ്യ ഭര്‍ത്താവ് രാജുവിനെ മഞ്ജുനാഥും കൊല്ലപ്പെട്ട ശോഭയും ചേര്‍ന്ന് കൊലപെടുത്തിയതാണെന്നും കണ്ടെത്തി. കൊലപാതകം നടന്നു കഴിഞ്ഞ ജനുവരി 15ന് രാവിലെ പ്രതി മഞ്ജു നാഥ് ശോഭയുടെ ആറ് വയസുള്ള മകന് ആര്യനെയും, നാല് വയസുള്ള മകള്‍ അമൃതയെയും കൂട്ടി ഇരിട്ടി ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് തുടങ്ങിയ അന്വേഷണം ഇപ്പോള്‍ കുട്ടികളെ കണ്ടെത്തുന്നതുവരെയെത്തിച്ചു.
കുട്ടികളെ താന്‍ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റി വിട്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെങ്കിലും പോലീസ് ഇതുവരെ വിശ്വസിച്ചിരുന്നില്ല. ശോഭയെ പ്രതി കൊലപെടുത്തുന്നത് മകന് ആര്യന് കണ്ടതിനാല്‍ മക്കളെയും ഇയാള്‍ കൊലപെടുത്തിയെന്നാണ് കരുതിയിരുന്നത്. ഈ കുട്ടിയെ കണ്ട് കിട്ടിയതിനാല്‍ കേസിലെ സാക്ഷിയാക്കാനും കേസ് കോടതിയില്‍ തെളിയിക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്ന് കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഡിവൈഎസ്പി പ്രജീഷ്തോട്ടത്തില് രാഷ്ട്രദീപികയോട് പറഞ്ഞു.
ആര്യനെയും അമൃതയെയും ദത്തെടുക്കാന്‍ 25 ഓളം മക്കളില്ലാത്ത ദമ്പതികള്‍ കേസന്വേഷിക്കുന്ന സിഐ സുനില്‍കുമാറിനെ സമീപിച്ചിട്ടുണ്ട്. കുട്ടികളെ തിരികെ കൊണ്ടുവരാന്‍ എസ്ഐ എസ് . അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുബൈയില്‍ എത്തിയിട്ടുണ്ട്.
16 ന് കുട്ടികളെ ഇരിട്ടിയിൽ കൊണ്ടുവന്ന് മജിസ്ട്രേറ്റിന്റെ മുന്നില്‍ സിആര്‍പിസി 164 പ്രകാരം ശോഭയുടെ കൊലപാതകത്തിലെ സാക്ഷിമൊഴി നല്‍കിക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കുട്ടികളെ കണ്ടെത്താന്‍ സമയോചിത ഇടപെടല്‍ നടത്തിയ കാലടി പോലീസ് സ്റ്റേഷനിലെ ജനമൈത്രീ ബീറ്റ് ഓഫീസര്‍കൂടിയായ ബിനുവിനെ അവിടെ സഹപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു.