കണ്ണൂർ: എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് സിപിഎം രാജി ആവശ്യപ്പെടില്ലെന്ന് സൂചന. നിലവിൽ, ദിവ്യക്കെതിരേ കേസ് ചുമത്തിയിട്ടില്ല. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായാലും ദിവ്യ രാജി വയ്ക്കേണ്ടതില്ലെന്നാണ് സിപിഎം കണ്ണൂർ നേതൃത്വത്തിന്റെ തീരുമാനം.
തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ മുഖ്യാധ്യാപകൻ ഇ.പി. ശശീന്ദ്രൻ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ സിപിഎമ്മിന്റെ തളിപ്പറന്പിലെ എംഎൽഎ ജയിംസ് മാത്യുവിനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ജയിലിൽ പോയിട്ടും എംഎൽഎ സ്ഥാനം ജയിംസ് മാത്യു രാജി വച്ചിരുന്നില്ല. ജയിംസ് മാത്യുവിന്റെ കാര്യത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട് തന്നെയാണ് പി.പി. ദിവ്യയുടെ കാര്യത്തിലും സിപിഎം നേതൃത്വം കൈകൊള്ളുന്നത്.
ദിവ്യക്കെതിരേ രാജി ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഎമ്മിന്റെ സർക്കാർ സർവീസ് സംഘടനയായ എൻജിഒ യൂണിയനും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പത്തനംതിട്ടയിൽ നവീൻബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ചെത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അവിടത്തെ ജില്ലാ നേതൃത്വത്തെ അനുനയിപ്പിച്ചതായാണ് വിവരം. എൻജിഒ യൂണിയനും ഉടൻ സിപിഎം വിശദീകരണം നല്കും.
ദിവ്യക്ക് വീഴ്ച പറ്റിയതായി സമ്മതിച്ച സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ദിവ്യക്ക് പൂർണ പിന്തുണ നല്കാനാണ് തീരുമാനം. ഇതിനിടയിൽ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ദിവ്യയോട് വിശദീകരണം ചോദിച്ചതായാണ് അറിയുന്നത്.രണ്ടുദിവസത്തിനുള്ളിൽ ദിവ്യ പാർട്ടി പരിപാടികളിൽ സജീവമാകും. ഇതിനുശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും.
പ്രത്യേക കേസില്ല; അന്വേഷണം തുടങ്ങി
എഡിഎം കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസെടുക്കാതെ കണ്ണൂർ ടൗൺ പോലീസ്. നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നാണു കുടുംബം ആരോപിക്കുന്നത്. യാത്രയയപ്പു ചടങ്ങിനിടെ പി.പി. ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ ഭീഷണി, പ്രശാന്തനുമായി ചേർന്നു നടത്തിയ ഗൂഢാലോചന എന്നിവയിൽ അന്വേഷണം വേണമെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നുമാണു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. കണ്ണൂർ ടൗൺ പോലീസ്, ജില്ലാ പോലീസ് കമ്മീഷണർ, ഡിജിപി എന്നിവർക്കാണു പരാതി.
എന്നാൽ, ബന്ധുക്കളുടെ പരാതിയിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായില്ല. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ടൗൺ പോലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡ്രൈവർ എം. ഷംസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യാത്രയയപ്പു യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നതും ആരംഭിച്ചിട്ടുണ്ട്. ഈ കേസിനൊപ്പം ബന്ധുക്കൾ നൽകിയ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി പറഞ്ഞത്.
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. തെളിവുകൾ ലഭിക്കുകയാണെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും. പരാതി സ്വീകരിച്ച് ബന്ധുക്കൾക്കു രസീത് നൽകിയതായും ശ്രീജിത്ത് കൊടേരി അറിയിച്ചു.
പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഏതോ മാനസിക വിഷയത്തിൽ കിടപ്പുമുറിയുടെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ചുവെന്നാണു രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.20നും ചൊവ്വാഴ്ച രാവിലെ എട്ടിനുമിടയിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിനു സമീപത്തെ ക്വാർട്ടേഴ്സിൽ ആത്മഹത്യ നടന്നതായാണു റിപ്പോർട്ടിലുള്ളത്.
പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഏതോ മാനസിക വിഷയത്തിൽ കിടപ്പുമുറിയുടെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ചുവെന്നാണു രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം 6.20നും ചൊവ്വാഴ്ച രാവിലെ എട്ടിനുമിടയിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിനു സമീപത്തെ ക്വാർട്ടേഴ്സിൽ ആത്മഹത്യ നടന്നതായാണു റിപ്പോർട്ടിലുള്ളത്.