കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കും. തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നല്‍കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് ജാമ്യഹർജി ഫയൽ ചെയ്യുന്നത്.
ജാമ്യഹർജിയിലുള്ള തീരുമാനം വന്നശേഷം മാത്രമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ചോദ്യം ചെയ്യലിന് ദിവ്യ ഹാജരാകുക.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്.
അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ദിവ്യയെ പ്രതിയാക്കിയ റിപ്പോർട്ട് തളിപ്പറന്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി ഇന്ന് നല്‍കും. അവിടെ നിന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് റിപ്പോർട്ട് കൈമാറിയതിനു ശേഷമാണ് കേസന്വേഷണം ആരംഭിക്കുന്നത്. പി.പി. ദിവ്യക്ക് പുറമെ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
നിലവിൽ, ഇന്നലെവരെ പ്രവർത്തിച്ച ദിവ്യയുടെ ഫോൺ കേസെടുത്തതിന് ശേഷം ഓഫാണ്. ഇരിണാവിലെ വീട്ടിലോ കണ്ണൂരിലെ ഫ്ലാറ്റിലോ പി.പി. ദിവ്യ ഇല്ലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
നവീൻബാബു മരിച്ചതിനുശേഷം ഇന്നലെയാണ് പത്രക്കുറിപ്പിലൂടെ ദിവ്യ പ്രതികരിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ നീക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയായിരുന്നു ദിവ്യയുടെ പത്രക്കുറിപ്പ്. കെ.കെ. രത്നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.