കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു രാവിലെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ദിവ്യയെ വൈകുന്നേരം അഞ്ചുവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം കണ്ണൂർ കോടതിയിൽ അപേക്ഷ നല്കിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയാണ് അപേക്ഷ നല്കിയത്. കസ്റ്റഡിയിലെടുത്ത ദിവ്യയെ വിശദമായി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം.
ഇതിനിടയിൽ, കളക്ടർ പോലീസിന് നല്കിയ മൊഴി വിവാദത്തിലായിരിക്കുകയാണ്. കളക്ടർ അരുൺ കെ.വിജയനെതിരേ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക അന്വേഷണസംഘം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
നേരത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തു വന്നിരിക്കുന്നത്. മൊഴിയിൽ ഉറച്ചു നില്ക്കുന്നതായും പോലീസിന് വേണമെങ്കിൽ അന്വേഷിക്കാമെന്നും അരുൺ കെ.വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയും റവന്യൂമന്ത്രിക്ക് നല്കിയ പ്രാഥമിക റിപ്പോർട്ടിലും നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നല്കിയ കളക്ടർ ഇപ്പോൾ മൊഴി മാറ്റിയതിന് പിന്നിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്.കളക്ടറേറ്റിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
കളക്ടറേറ്റിൽ ജീവനക്കാരിൽ ഒരു വിഭാഗവും കളക്ടറെ ബഹിഷ്കരിച്ചിരിക്കുകയാണ്. കളക്ടർക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്ടറേറ്റിനും കളക്ടർക്കും പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിരിക്കുകയാണ്. അരുൺ കെ.വിജയനെ മാറ്റണമെന്ന ആവശ്യത്തിൽ സിപിഐയും ഉറച്ചു നില്ക്കുകയാണ്.