പത്തനംതിട്ട: ചിറ്റാറിലെ യുവസംരംഭകനും കർഷകനുമായിരുന്ന പി.പി. മത്തായി (പൊന്നു 41) വിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് വനപാലകരെ പ്രതിചേർത്ത കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ള അനധികൃത കസ്റ്റഡി പ്രതികൾക്കു വിനയാകും.
മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് വനപാലകർക്കെതിരെ ചുമത്തിയിരിക്കുന്നതെങ്കിലും മത്തായിയെ കസ്റ്റഡിയിലെടുത്തതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വനപാലകർക്കു കഴിഞ്ഞിട്ടില്ല. വനാതിർത്തിയിൽ സ്ഥാപിച്ച കാമറ നഷ്ടപ്പെട്ടതുമായ അന്വേഷണത്തിന്റെ ഭാഗമായാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു.
എന്നാൽ ഇങ്ങനെയൊരു സംഭവത്തിനു പോലീസിൽ പരാതി നൽകിയിട്ടില്ല. വനപാലകർ തെളിവെടുപ്പിനു കൊണ്ടുപോയതും അനധികൃതമായാണ്. തെളിവെടുപ്പു സമയം മത്തായിയുടെ ഭാര്യയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് അടക്കമുള്ള മൊഴികളും നിലനിൽക്കുന്നു. നരഹത്യ കുറ്റമാണെങ്കിൽ പോലും ഗുരുതരമായ ആരോപണങ്ങളാണ് വനപാലകർക്കെതിരെ കുറ്റപത്രത്തിലുള്ളത്.
വനപാലകർ കൂടാതെ ഒരു ്രെടെബൽ വാച്ചറും കേസിൽ പ്രതിയാണ്. സിബിഐ തിരുവനന്തപുരം മേഖലയിലെ ഡിവൈഎസ്പി രണ്ബീർ ശെഖാവത്തിന്റെ നേതൃത്വത്തിൽ 2020 സെപ്റ്റംബറിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബർ 28നു സമർപ്പിച്ച കുറ്റപത്രം ഇന്നലെ ഫയലിൽ സ്വീകരിച്ചു.
അന്യായമായി കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന്റെ ഭാഗമായി കിണറ്റിലേക്കു വീഴാൻ സാഹചര്യമുണ്ടാക്കുകയും ചെയ്തുവെന്നാണ് ആരോപണം. കിണറ്റിലേക്കു വീണയാളെ രക്ഷിക്കാതെ സ്ഥലത്തുനിന്നും മാറിപ്പോയതിനെതിരെയും പിന്നാലെ പ്രതികൾ വ്യാജത്തെളിവുകൾ സൃഷ്ടിച്ചതായും കുറ്റപത്രത്തിൽ ആരോപണമുണ്ട്.
2020 ജൂലൈ 28ന് ഉച്ചകഴിഞ്ഞാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായിയെ വനപാലകസംഘം അരീക്കക്കാവിലെ താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന്റെ ഭാഗമായി മത്തായിയെ കുടപ്പനക്കുളത്ത് കുടുംബവീടിനു സമീപമെത്തിച്ചു.
കുടുംബവീട്ടിലെ കിണറ്റിൽ നിന്നാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ ചാടിയെന്നാണ് വനപാലകസംഘം പറഞ്ഞിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
ചിറ്റാറിലെ വനം ഡെപ്യൂട്ടി റേഞ്ചറായിരുന്ന രാജേഷ് തങ്കപ്പന്റെ നേതൃത്വത്തിലാണ് വനപാലകസംഘം മത്തായിയെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തോടൊപ്പം ഒരു വനിത ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ഇവരെല്ലാംതന്നെ കേസിൽ പ്രതികളാകും.
മത്തായിയുടെ മരണം വനപാലകരുടെ കസ്റ്റഡിയിലെ കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും പിറ്റേന്നുതന്നെ രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ബന്ധുക്കൾ സംസ്കരിക്കാൻ വിസമ്മതിച്ചു.
കേസിൽ നീതിപൂർവകമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നടത്തിയത് 38 ദിവസം നീണ്ടുനിന്ന പോരാട്ടമാണ്. കേസ് ഹൈക്കോടതിയിൽ എത്തുകയും സിബിഐ അന്വേഷണത്തിന് തടസമില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്കരിക്കാൻ തയാറായത്. പിന്നീട് സിബിഐ സംഘം അന്വേഷണം ഏറ്റെടുത്ത് റീ പോസ്റ്റുമോർട്ടവും നടത്തിയശേഷമായിരുന്നു സംസ്കാരം.
പ്രാഥമികാന്വേഷണം നടത്തിയ വനപാലകരും പോലീസും ഒക്കെ ആത്മഹത്യയെന്നു പറഞ്ഞ കേസ് നരഹത്യയാണെന്ന തരത്തിൽ കുറ്റപത്രം തയാറായതിൽ സംതൃപ്തിയുണ്ടെന്ന് ഭാര്യ ഷീബയും അഭിഭാഷകനായ ജോണി കെ. ജോർജും പറഞ്ഞു.
സിബിഐ കുറ്റപത്രം സ്വാഗതാർഹം: വിക്്ടർ ടി.തോമസ്
ചിറ്റാറിലെ യുവകർഷകൻ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം സത്യസന്ധവും നീതിപൂർവുമാണെന്നും കുടുംബത്തിന് നീതി ലഭിക്കുന്ന സാഹചര്യത്തിലേക്കാണ് അന്വേഷണം നടപടികൾ നീളുന്നതെന്നും കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്.
വലിയ എതിർപ്പുകളെ മറികടന്ന് താൻ ഉൾപ്പെടെയുള്ള പൊതു പ്രവർത്തകരും കേരള കോണ്ഗ്രസസും റാന്നി ഡിഎഫ്ഒയിലും ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ, പത്തനംതിട്ട യിലും നടത്തിയ ശക്തമായ സമരങ്ങളും കുടുംബത്തിന്റെ ധീരമായ നിലപാടുമാണ് മത്തായിയുടെ മരണത്തിനുത്തരവാദികളായ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുവാൻ സാധിച്ചതെന്ന് വിക്ടർ ചൂണ്ടിക്കാട്ടി.
മത്തായി കിണറ്റിൽ ചാടിയെന്ന തരത്തിലുള്ള വനംവകുപ്പുദ്യോഗസ്ഥരുടെ മൊഴി സ്ഥിരീകരിക്കുന്ന തരത്തിൽ പോലീസ് അന്വേഷണം നീങ്ങിയതോടെയാണ് സമരം ശക്തമാക്കിയത്. എന്നാൽ ഇതു ശരിയല്ലെന്ന് സിബിഐ അന്വേഷണത്തിലൂടെ വ്യക്തമായെന്ന് വിക്ടർ പറഞ്ഞു.