‘തിരിച്ചെടുക്കാത്തതെന്തെന്ന് കുമ്മനത്തോടുചോദിക്കണം’! ബിജെപിയിലേക്കുള്ള തിരിച്ചുവരവ്; രൂക്ഷ പ്രതികരണവുമായി പി.പി. മുകുന്ദന്‍

സ്വന്തം ലേഖകന്‍
Mukundan
കോഴിക്കോട്: ബിജെപിയിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി.മുകുന്ദനുമുന്നില്‍ അടയുന്നു. കഴിഞ്ഞ ദിവസം നേതൃത്വത്തിലെ ചിലര്‍ക്കുനേരെ നടത്തിയ പരസ്യ പ്രതികരണത്തില്‍ തന്‍റെ അനിഷ്ടം പ്രകടിപ്പിക്കുക മാത്രമല്ല, ഇനി പാര്‍ട്ടിയിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണെന്ന തിരിച്ചറിവുകൂടിയുണ്ട്. കുറച്ചു കാലങ്ങളായി പരസ്യ പ്രതികരണത്തിനു മുതിരാതിരുന്ന മുകുന്ദന്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തെത്തിയത് ഈ തിരിച്ചറിവുകൊണ്ടാണ്.

ആര്‍എസ്എസ് നേതൃത്വത്തിലുള്ള ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുകുന്ദന്‍. പാര്‍ട്ടിയില്‍  നിന്നും പുറത്താക്കപ്പെട്ട് എട്ടുവര്‍ഷത്തിനുശേഷം 2016 ഫെബ്രുവരിയില്‍ തിരുവന്തപുരത്ത്്  നടന്ന ബിജെപിയുടെ പൊതുപരിപാടിയില്‍ പി.പി. മുകുന്ദന്‍ പങ്കെടുത്തിരുന്നു. അന്ന്് ചടങ്ങില്‍നിന്നും വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. അതുകൂടി മനസില്‍ വച്ചായിരുന്നു ഇന്നലെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍  പ്രതികരിച്ചത്.പുറത്താക്കുന്‌പോള്‍  കേരള ബിജെപിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയിരുന്നു മുകുന്ദന്‍. ആര്‍എസ്എസ് നോമിനി ആയാണ് അദ്ദേഹം ഈ പദവിയില്‍ വന്നത്. ആര്‍എസ്എസ് നേതൃത്വവുമായുള്ള അകല്‍ച്ചയായിരുന്നു മുകുന്ദന്‍റെ പുറത്താക്കലിന് പിന്നില്‍.

വി.മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ  ആയിരുന്നപ്പോള്‍ മുകുന്ദനെ തിരിച്ചുകൊണ്ടു വരണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് എടുത്തത്. ഒരു ഘട്ടത്തില്‍ മിസ്ഡ് കോള്‍ അടിച്ചു മുകുന്ദന് പാര്‍ട്ടിയില്‍ വരാമല്ലോ എന്ന് പരിഹസിക്കുകയും ചെയ്തു. കുമ്മനം വന്നതോടെ മാന്യമായ പുന:പ്രവേശം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു മുകുന്ദന്‍.എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.

സംഘടനാ കാര്യങ്ങള്‍ ഗൗരവമായി കാണാത്ത ന്യൂനപക്ഷം മാത്രമാണ് താന്‍ ബിജെപി നേതൃത്വത്തിലേക്കു തിരിച്ചുവരുന്നതിനെ എതിര്‍ക്കുന്നതെന്നാണ് ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട് മുകുന്ദന്‍ പ്രതികരിച്ചത്. ബിജെപിയിലെ 95 ശതമാനം പേരും താന്‍ വരുന്നതിനു അനുകൂലമാണ്. എന്നാല്‍ അഞ്ചു ശതമാനം മാത്രമാണ് എതിര്‍ക്കുന്നത്. ഒരമ്മയുടെ അഞ്ചു മക്കളില്‍ എല്ലാവരുടെയും രക്തഗ്രൂപ്പ് ഒരുപോലെയായിക്കൊള്ളമെന്നില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

തന്നെ പാര്‍ട്ടിയിലേക്കു തിരികെ വിളിക്കുമെന്നു പറഞ്ഞത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനാണ്.എന്തുകൊണ്ട് തിരികെ കൊണ്ടുവന്നില്ലെന്ന് അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്.
ഭാരവാഹിത്വത്തിലേക്ക് മടങ്ങിവരാനാകുമെന്ന്  പ്രതീക്ഷയുണ്ട്. ചര്‍ച്ച നടത്തേണ്ടവര്‍ നടത്തട്ടെ. അന്പതു വര്‍ഷം മുന്പ് ഒരു ആശയത്തിനുവേണ്ടിയാണ് വീടുവിട്ടത്. സ്ഥാനത്തിനുവേണ്ടിയല്ല.കേന്ദ്ര നേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അവര്‍ തീരുമാനിക്കട്ടെ. ഒരു തിയറ്ററില്‍ ‘ഹൗസ് ഫുള്‍’ എന്നു എഴുതിവച്ചാല്‍ സിനിമ കാണാന്‍ കഴിയില്ല. എന്നാല്‍ തിയറ്റര്‍ മാനേജര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഒരു കസേര നല്‍കാവുന്നതേയുള്ളുവെന്ന് മുകുന്ദന്‍ പറയുന്നു.

Related posts