പൊൻകുന്നം: പൊൻകുന്നം – പാലാ റോഡിൽ അപകടങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഇളങ്ങുളത്താണ് തുടർച്ചയായി രണ്ടു ദിവസം അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രക്കാരനായ ഇളങ്ങുളം പുല്ലാട്ടുകരോട്ട് ഗോപാലകൃഷ്ണൻ നായർ(82) മരണമടഞ്ഞിരുന്നു.
ഇന്നലെ വൈകുന്നേരം വീണ്ടും ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇളങ്ങുളം ശാസ്താക്ഷേത്രത്തിനും എസ്എൻഡിപി പടിക്കുമിടയിൽ രണ്ടുവർഷത്തിനിടെ ഇരുപത്തഞ്ചിലേറെ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധ അപകടങ്ങളിലായി അഞ്ചുപേരാണ് മരണമടഞ്ഞിരിക്കുന്നത്.
ആറുമാസത്തിനിടെ പൊൻകുന്നം – പാലാ റോഡിൽ വിവിധ ഭാഗങ്ങളിൽ 26 ഓളം അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ തന്നെ മുപ്പതിൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ അപകടങ്ങളും രാത്രി കാലങ്ങളിലാണ് നടക്കുന്നതെന്ന് നാ്ട്ടുകാർ പറയുന്നു. എന്നാൽ, അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്ന് പോലീസ് പറഞ്ഞു.