തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാർ എൽഡി എഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്ന് കണ്‍വീനർ വൈക്കം വിശ്വൻ. എൽഡിഎഫല്ല അവരെ പുറത്താക്കിയത്. അവർ സ്വയം പുറത്തു പോയതാണ്. തെറ്റ് തിരുത്തി തിരിച്ചു വരുന്നതിൽ സന്തോഷം മാത്രമേയുള്ളു. അധികം കാലം എൽഡിഎഫിന് പുറത്തു നിൽക്കാൻ അവർക്ക് കഴിയില്ല.
ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയും നേതാക്കളുമാണ് വീരേന്ദ്രകുമാറും കൂട്ടരും. മുൻപ് എൽഡിഎഫിന്റെ കണ്‍വീനർ സ്ഥാനം വഹിച്ചിരുന്ന വീരേന്ദ്രകുമാർ തിരിച്ചുവരുന്നത് നല്ല കാര്യമാണ്.ഇതു സംബന്ധിച്ച ചർച്ചകൾ നേരത്തെ തന്നെ നടക്കുന്നതാണ്.
എപ്പോൾ വരുമെന്ന തരത്തിലുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. ലയിച്ചാണോ അല്ലതായാണോ വരുന്നതെന്ന കാര്യങ്ങളൊന്നും അറിയില്ല. ഇക്കാര്യത്തിലൊക്കെ കൂടുതൽ ചർച്ച നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും അദ്ദേഹവും ആ പാർട്ടിയുമാണെന്നും വൈക്കം വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ജെഡിയു ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്ന് പി.പി.തങ്കച്ചനും എം.എം.ഹസനും
തിരുവനന്തപുരം: ജെഡിയു ഇപ്പോഴും യുഡി എഫിന്റെ ഭാഗമാണെന്ന് യുഡിഎഫ് കണ്‍വീനർ പി.പി.തങ്കച്ചനും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും അഭിപ്രായപ്പെട്ടു.എംപി വിരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജെഡിയു എൽഡിഎഫിലേക്ക് പോകുന്നുവെന്ന വാർത്തകളോടുള്ള പ്രതികരണമായാണ് പി.പി.തങ്കച്ചനും എംഎം ഹസനും ഇക്കാര്യം രാഷ്ട്രദീപികയോട് വ്യക്തമാക്കിയത്.
യുഡിഎഫ് സംഘടിപ്പിച്ചിരിക്കുന്ന പടയൊരുക്കം യാത്രയിൽ ജെഡിയുവിന്റെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. എംപി വിരേന്ദ്രകുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹം യാത്രയെ അനുഗമിക്കാത്തതെന്ന് എം.എം.ഹസൻ പറഞ്ഞു.
ജെഡിയു നേതാക്കളായ വർഗീസ്, കെപി മോഹനൻ എന്നിവരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഉൗഹാപോഹങ്ങൾ മാത്രമാണ് പ്രചരിക്കുന്നതെന്നുമാണ് ജെഡിയു നേതാക്കൾ പറഞ്ഞതെന്ന് പി.പി തങ്കച്ചൻ പറഞ്ഞു.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അഭിപ്രായം പറയുന്നില്ല. ജെഡിയു ഇതുവരേക്കും യുഡിഎഫ് വിട്ടു പോയിട്ടില്ല. പോകുന്പോൾ അതേക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.