ഷിജു തോപ്പിലാന്‍
പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് വാശിയുടെയും രാഷ്ട്രീയ പോരാട്ടത്തിന്റേതുമാണെങ്കിലും വ്യത്യസ്ത ആശയക്കാരോടുള്ള സൗഹൃദത്തിന് മത്സരം മുറിവേല്‍പ്പിക്കരുതെന്ന പക്ഷക്കാരനാണു നാലു തവണ പെരുമ്പാവൂരിന്റെ എംഎല്‍എയും നിയമസഭാ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്.
1977 ല്‍ നിയമസഭയിലേക്കു കന്നി മത്സരത്തിനിറങ്ങിയ അങ്കമാലിയില്‍ പി.പി. തങ്കച്ചനെ തോല്പിച്ചതു സിപിഎമ്മിലെ എ.പി. കുര്യന്.
തെരഞ്ഞെടുപ്പു ഫലമറിഞ്ഞശേഷം തുറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിക്കാനും ഒരുമിച്ചിരുന്നു ചായ കുടിക്കാനും തങ്കച്ചന് മറന്നില്ല.
തെരഞ്ഞെടുപ്പിലെ പരസ്പരമുള്ള മത്സരത്തിലൂടെ കൂടുതല്‍ സുദൃഢമായ കുര്യനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണം വരെ ശക്തമായി തുടര്‍ന്നുവെന്നും തങ്കച്ചന് ഓര്‍ക്കുന്നു.
രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ജാഗ്രത അന്നത്തെ നേതാക്കള്‍ക്കുണ്ടായിരുന്നു.
ഇന്ന് ഈ പ്രവണത കുറഞ്ഞിട്ടുണ്ടോവെന്നു സംശയമുണ്ടെന്നും തങ്കച്ചന് പറഞ്ഞു. ഇടതു കോട്ടയായിരുന്ന പെരുമ്പാവൂര്‍ 1982ല്‍ പിടിച്ചെടുത്തതും, നാലു തവണ തുടര്‍ച്ചയായി ജയിച്ചതുമാണു പി.പി. തങ്കച്ചനെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ശ്രദ്ധേയനാക്കുന്നത്.
പി.ഗോവിന്ദപിള്ള, പി.ആര്. ശിവന് എന്നീ പ്രമുഖ ഇടതു നേതാക്കള്‍ ജയിച്ചുവന്ന മണ്ഡലമാണു തങ്കച്ചന് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്കെത്തിച്ചത്.
2001ല്‍ സിപിഎമ്മിലെ സാജു പോളിനോടുണ്ടായ തോല്‍വി തങ്കച്ചന്റെ ജൈത്രയാത്രയില്‍ തിരിച്ചടിയായി. മുന്‍കാല കോണ്‍ഗ്രസ് നേതാവിന്റെ മകന് എന്ന നിലയില്‍ ചില കോണ്‍ഗ്രസുകാരും സാജു പോളിനെ അന്നു പിന്തുണച്ചെന്നു തങ്കച്ചന് പറയുന്നു.
1968ൽ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിക്കൊണ്ട് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്മാന് എന്ന പദവിയും അദ്ദേഹം നേടിയിരുന്നു.
പെരുമ്പാവൂര്‍ ആശ്രമം സ്കൂളിനു സമീപത്തെ വീട്ടില്‍ വിശ്രമിക്കുന്ന പി.പി. തങ്കച്ചന്റെ രാഷ്ട്രീയ മനസിന് ഇപ്പോഴും വിശ്രമമില്ല.