മൂവാറ്റുപുഴ: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിനു നടുവിൽ പാതയോരത്ത് പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
എംസി റോഡരികിൽ വാഴപ്പിള്ളിയിലാണ് ആറ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിൽ പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പരിസരത്തെത്തിയ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭയിൽ വിവരമറിയിച്ചു.
തുടർന്ന് മൂവാറ്റുപുഴ പോലീസും നഗരസഭാധ്യക്ഷനും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇവ നീക്കം ചെയ്തു.
സമീപത്തെ സിസിടിവി പരിശോധിച്ച് പിപിഇ കിറ്റുകൾ വഴിയരികിൽ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും നഗരസഭയും.
എന്നാൽ മാലിന്യം തള്ളുന്ന പതിവുകേന്ദ്രങ്ങളിലൊന്നായ ഇവിടെ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാളുകളായി പ്രവർത്തനരഹിതമാണെന്നു നാട്ടുകാർ പറയുന്നു.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എം. അബ്ദുൾ സലാം, നഗരസഭാംഗം കെ.കെ. സുബൈർ, ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ് കെ.യു. വിൻസെന്റ്, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. ശ്രീജി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു.
പിപിഇ കിറ്റുകൾ ഉപയോഗിച്ചതാണോയെന്നു തുറന്നു പരിശോധിച്ചാലെ വ്യക്തമാകൂ. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ പോലീസിന് പരാതി നൽകുമെന്നും ഇത്തരത്തിൽ ആളുകളുടെ ഇടയിൽ ഭീതിപരത്തുന്ന പ്രവർത്തികൾ ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.