ന്യൂഡൽഹി: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) എന്നിവയിൽ ചേർന്നവർ പ്രവാസി ഇന്ത്യക്കാർ (എൻആർഐ) ആയാൽ ആ തീയതി മുതൽ അക്കൗണ്ട് അവസാനിച്ചതായി കണക്കാക്കും. തുടർന്നുള്ള കാലത്തേക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിനു നൽകുന്ന പലിശ (ഇപ്പോൾ നാലു ശതമാനം) മാത്രമേ നൽകൂ.
സന്പാദ്യപദ്ധതികളിലെ നിക്ഷേപം സംബന്ധിച്ചു പുറപ്പെടുവിച്ച പുതിയ ചട്ടങ്ങളിലാണ് ഇതു പറയുന്നത്. പിപിഎഫിലും മറ്റും എട്ടു ശതമാനത്തിനടുത്ത് പലിശയുണ്ട്. ചട്ടഭേദഗതി ഈ മാസത്തെ ഗസറ്റിലുണ്ട്.
ഇന്ത്യയിൽ സ്ഥിരതാമസക്കാരായവർ വിദേശവാസിയായി കഴിയുന്പോൾ സന്പാദ്യപദ്ധതിയുടെ ആനുകൂല്യം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അതിനുശേഷം യഥാർഥത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന്റെ തലേ മാസാവസാനം വരെ കുറഞ്ഞ നിരക്കിലുള്ള പലിശയേ നൽകൂ.
ഒരു വർഷം 182 ദിവസമെങ്കിലും ഇന്ത്യയിൽ ഉണ്ടായിരുന്നാലാണ് റെസിഡന്റ് ആയി കണക്കാക്കുക. എൻആർഐകൾക്ക് പിപിഎഫ് അക്കൗണ്ട് തുടങ്ങാൻ അവകാശമില്ല. റെസിഡന്റ് ആയിരുന്നപ്പോൾ തുടങ്ങിയ നിക്ഷേപം തുടരാം.