ശ്രീകാര്യം: യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കൃഷി ഓഫീസറെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കാഞ്ഞിരംപാറ ശ്യാമ വിള വീട്ടിൽ ജിം ഉണ്ണി എന്ന് വിളിക്കുന്ന അരുൺ (25), ബാലരാമപുരം രാമകൃഷ്ണ സ്കൂളിന് സമീപം ആലുവിള പുത്തൻവീട്ടിൽ ജീജോ രാജ് (31) എന്നിവരാണ് പിടിയിലായത്.
മലപ്പുറത്ത് വാഹന പരിശോധക്കിടെ എസ്ഐയെ തട്ടിക്കൊണ്ട് പോയ കേസിലും തലസ്ഥാനത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതിയാണ് അരുൺ എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പട്ടത്ത് ഷാഡോ പോലീസും ശ്രീകാര്യം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയുമായി കൃഷി ഓഫീസർക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ പത്ത് ലക്ഷം രൂപ തരണമെന്നും സംഘം കൃഷിഓഫീസറെ ഭീഷണിപ്പെടുത്തിയെങ്കിലും ഇത്തരം ഒരു ബന്ധം തനിക്കില്ലെന്നും പണം നൽകാൻ പറ്റില്ലെന്നും കൃഷി ഓഫീസർ അറിയിച്ചു.
തുടർന്ന് ഇയാളെ അപായപ്പെടുത്തുവാൻ സംഘം മറ്റെരു സംഘത്തെ ഏർപ്പെടുത്തുകയും രണ്ട് ദിവസം മുൻപ് അരുൺ കൃഷി ഓഫിസറുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് കൃഷി ഓഫീസർ കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറിനും ശ്രീകാര്യം പോലീസിനും നൽകിയ പരാതിയെ തുടർന്ന് പ്രതികളെ പോലീസ് നീരിക്ഷിച്ചു വരുന്നതിനിടയിൽ കഴക്കുട്ടം എസിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കുട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറും ശ്രീകാര്യം എസ്ഐ സനോജും ഷാഡോ പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ ബാലരാമപുരം സ്വദേശിനിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചൂ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.