കണ്ണൂർ: ആത്മകഥ എന്ന ആഗ്രഹം ബാക്കിയാക്കിയാണ് കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ പി.രാമകൃഷ്ണൻ യാത്രയായത്. കടന്നുവന്ന വഴികളിലെ ചരിത്രം രേഖപ്പെടുത്തി വയ്ക്കാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നതായും അതിനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായും പിതൃസഹോദര പുത്രനും പത്രപ്രവർത്തകനുമായ എം.വി.പ്രസാദ് പറഞ്ഞു.
എഴുതിയിരുന്നുവെങ്കിൽ ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും അടയാളപ്പെടുത്തലാകുമായിരുന്നു ആ പുസ്തകം. ഒരു പത്രാധിപർ കൂടിയായിരുന്നു പിആറിന്റെ എഴുതാതെ പോയ ആ ആത്മകഥ വരുംതലമുറയ്ക്ക് തീരാനഷ്ടം തന്നെയാണ്. കണ്ണൂർ രാഷ്ട്രീയത്തിന്റെ ഒരുപാട് അറിയാക്കഥകൾ കൂടിയാണ് കൂടിയായിരുന്ന പി.ആറിനൊപ്പം മറയുന്നത്.
1973-ലാണ് പി.രാമകൃഷ്ണന്റെ പത്രാധിപത്യത്തിൽ “പടയാളി’ സായാഹ്ന പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. അതിലേക്ക് നയിച്ചത് പാർട്ടിയിൽനിന്നുള്ള സസ്പെൻഷനായിരുന്നു. തലശേരിയിലെ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടർന്ന് സസ്പെൻഷൻ നേരിട്ട നാളുകളിലാണ് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ പത്രം വേണമെന്ന നിലപാടിൽ പി.ആർ എത്തിയത്. പഴയങ്ങാടി സ്വദേശിയായ എം.കെ.ശ്രീധരൻ രജിസ്റ്റർ ചെയ്തിരുന്ന “പടയാളി’ എന്ന പത്രപ്പേര് പി.രാമകൃഷ്ണൻ വാങ്ങുകയായിരുന്നു.
“ഞാൻ ഉദ്ദേശിക്കുന്നത് ഈ പേര് തന്നെയാണ്. ഇതെന്റെ ജീവിതം തന്നെയാണ്. ഇതെനിക്ക് തന്നേ തീരൂ..’ പി.ആറിന്റെ നിർബന്ധത്തിന് സുഹൃത്തുകൂടിയായ ശ്രീധരന് കീഴടങ്ങേണ്ടിവന്നു. അഴീക്കോട് കുടുംബസ്വത്ത് വിറ്റാണ് പ്രസ് വാങ്ങിയത്. പിന്നീട്, ജീവിതാവസാനം വരെ പി.രാമകൃഷ്ണന് സ്വന്തമായി വീടുണ്ടായിരുന്നില്ല. വാടകവീടുകളിലായിരുന്നു താമസം. അവസാനം മകന്റെ ഫ്ലാറ്റിലും.
മുഖംനോക്കാതെയുള്ള വിമർശനമായിരുന്നു പടയാളിയിൽ പി.ആർ എഴുതിയ മുഖപ്രസംഗങ്ങളുടെ പ്രത്യേകത. ഒരിക്കൽ വിമർശിച്ചയാളിൽ എന്തെങ്കിലും നന്മകളുണ്ടായാൽ അത് അംഗീകരിക്കാനും അതേക്കുറിച്ച് എഴുതാനും അദ്ദേഹം തയാറുമായിരുന്നു. ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ അഴിമതിയുടെ കഥ പടയാളി പത്രത്തിൽ പ്രസിദ്ധീകരിച്ചതിന് പി.ആറിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.
വായന ജീവിതമാക്കിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.രാമകൃഷ്ണൻ. അവസാനകാലത്ത് വായിക്കാൻ കഴിയാതായത് അദ്ദേഹത്തെ മാനസികമായി ഏറെ തളർത്തിയിരുന്നതായി ബന്ധുക്കളും അടുത്തു സുഹൃത്തുക്കളും പറയുന്നു.ന