പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആര്. പ്രദീപിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍ പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും ഇലന്തൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പുളിച്ചാനയില് പി.ആര്. പ്രദീപ് (46) നെ ഇന്നലെ ഉച്ചകഴിഞ്ഞ് ഇലന്തൂര്‍ വലിയവട്ടത്തെ സിപിഎം ബ്രാഞ്ച് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചുറുചുറുക്കോടെ സംഘടനാരംഗത്തു നിലനിന്നിരുന്ന പ്രദീപ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയുന്നു. തനിക്ക് സാമ്പത്തിക പ്രതിസന്ധിയുള്ള വിവരം അദ്ദേഹം മുതിര്‍ന്ന നേതാക്കളോടടക്കം അദ്ദേഹം പറഞ്ഞിരുന്നു.
മികച്ച ഒരു കര്ഷകന് കൂടിയായിരുന്ന പ്രദീപിന് ആ മേഖലയിലും നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ മരണത്തിലേക്കു നയിച്ച കാരണമെന്തെന്നു നേതാക്കള്‍ക്കും വ്യക്തമല്ല.
സാമ്പത്തിക പ്രതിസന്ധിയോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ പരിഹരിക്കാനാകുമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ അടക്കം നേരത്തെ പ്രദീപിനെ ഉപദേശിച്ചിരുന്നതായി പറയുന്നു.
കഴിഞ്ഞ രണ്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റ് ദിവസം കാവിക്കൊടിയെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ വെള്ളക്കൊടിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോഴാണ് പ്രദീപിനെ പലരും അവസാനമായി സംഘടനാ രംഗത്തു കണ്ടത്.
അന്ന് ഫോണിലൂടെ പലരോടും സംസാരിച്ച പ്രദീപിന്റെ മാനസികസംഘര്‍ഷം അടുത്തുനിന്നവര്‍ തിരിച്ചറിഞ്ഞിരുന്നു.ഇന്നലെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയോഗം കൂടാനുള്ള തീരുമാനം പ്രദീപിന്റെ കൂടി അറിവോടെയായിരുന്നു.
ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കം പങ്കെടുക്കുന്ന ഏരിയാ കമ്മിറ്റിയോഗത്തില്‍ പ്രദീപ് വരാതിരുന്നത് പലരിലും ആശങ്ക ഉണ്ടാക്കി. ഏരിയാ കമ്മിറ്റി അംഗങ്ങളെല്ലാം മാറിമാറി ഫോണ്‍ വിളിച്ചുകൊണ്ടേയിരുന്നു.
രാവിലെ സംസാരിച്ചവരോടു കോടതിയില്‍ ഇന്നുണ്ടാകുമെന്ന് പറഞ്ഞിരുന്നതിനാല്‍ അവിടെയും അന്വേഷിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സ്ഥലത്തെത്തിയശേഷമാണ് പോലീസ് മുഖേന അന്വേഷിച്ചത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയാണ് പ്രാഥമികമായി ചെയ്തത്. ഇതോടെയാണ് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ഫോണ്‍ ഉള്ളതായി സൂചന ലഭിച്ചത്.
വിദ്യാര്‍ഥി, യുവജന സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് പ്രദീപ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.
പിന്നീട് സെന്റ് തോമസ് കോളേജ് യൂണിയന് ചെയര്‍മാനുമായി. എസ്എഫ്ഐ പത്തനംതിട്ട ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
2021 നവംബറില്‍ നടന്ന സമ്മേളനത്തിലാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇഎംഎസ് ഇലന്തൂര്‍ സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡംഗവും ഇലന്തൂര്‍ 460-ാം നമ്പര്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രദീപ്.
സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പില്‍. തിങ്കളാഴ്ച രാവിലെ 7.30ന് സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി ഓഫീസിലും ഒമ്പതിന് ഇലന്തൂര്‍ സര്‍വീസ് സഹകരണ സംഘത്തിലും 10ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: ശ്രുതി (അധ്യാപിക). മക്കള്‍: ഗോവിന്ദ് (10-ാം ക്ലാസ്), ഗൗരി (ഏഴാം ക്ലാസ്). അച്ഛന്: രാധാകൃഷ്ണന് നായര്‍. അമ്മ: ഓമനയമ്മ. സഹോദരങ്ങള്‍: പ്രഭ, രശ്മി.