വൈക്കം: നിയമസഭ തെരഞ്ഞെടുപ്പിൽ വൈക്കത്ത് എൽഡിഎഫ് സ്ഥാനാർഥിയായി സി.കെ. ആശ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ചുവപ്പു കോട്ട പിടിച്ചെടുക്കാൻ കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണ് പി.ആർ. സോനയെ രംഗത്തിറക്കാൻ യുഡിഎഫിൽ നീക്കം.
കോട്ടയം നഗരസഭ ചെയർപേഴ്സണെന്ന നിലയിൽ ജന ശ്രദ്ധ നേടിയ സോനയെ മൽസരിപ്പിച്ചു അനുകൂലമായ ഘടകങ്ങളെ ഏകോപിപ്പിച്ചു അട്ടിമറി വിജയം നേടാമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.
എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന തലയാഴം, വെച്ചൂർ പഞ്ചായത്തുകൾ ഇക്കുറി തിരിച്ചുപിടിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
അതേ സമയം വൈക്കത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ സി.കെ. ആശയ്ക്കു വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം നേടിത്തരുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്.
കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച് 35,000 വോട്ടുകൾ നേടി ഇരു മുന്നണികളെയും ഞെട്ടിച്ച എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ബിഡിജെഎസ് പിളർന്നപ്പോൾ യുഡിഎഫിനൊപ്പം പോയ വിഭാഗത്തിന്റെ കൂടെയാണ്.
എൻ.കെ. നിലകണ്ഠൻ മാസ്റ്റർ വൈക്കത്തു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ വെച്ചൂർ പഞ്ചായത്ത് അംഗവുമായ പി.ഐ. ജയകുമാറും റിബൽ സ്ഥാനാർഥിയായി രംഗത്തുവരാൻ സാധ്യതയുണ്ട്.