കൊച്ചി: ഒളിമ്പിക് വെങ്കല മെഡൽ നേട്ടത്തിന് തനിക്ക് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഒളിമ്പിക്സിനെ സ്വപ്നം കാണുന്ന അത്ലറ്റുകൾക്ക് പ്രചോദനമാകുമെന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്.
ഇത്രയും വലിയ അംഗീകാരം നല്കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.വിശ്വസിച്ചതുപോലെ തന്നെ 41 വര്‍ഷത്തിനുശേഷം രാജ്യത്തിനായി ഒളിമ്പിക്സില്‍ നേടിയ മെഡലിന് അത് അര്‍ഹിക്കുന്ന പാരിതോഷികവും അര്‍ഹിക്കുന്ന പ്രമോഷനുമാണ് സര്‍ക്കാര്‍ നല്‍കിയത്.
ഈ ഒരു അംഗീകാരം വരും തലമുറയില്‍ ഒളിമ്പിക്സിനെ സ്വപ്നം കാണുന്ന, ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന അത്ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു.
ബുധനാഴ്ച വൈകിട്ടു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.ആര് ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്കാന് സർക്കാർ തീരുമാനിച്ചത്.
ശ്രീജേഷിനെ വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്കി. ഒളിംപിക്സില്‍ പങ്കെടുത്ത എട്ട് മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതവും നല്‍കുമെന്നും കായികമന്ത്രി പ്രഖ്യാപിച്ചു.
ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങളായ സജൻ പ്രകാശ്, എം. ശ്രീശങ്കർ, അലക്സ് ആന്റണി, മുഹമ്മദ് അനസ്, കെ.ടി. ഇർഫാൻ, എം.പി. ജാബിർ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, എന്നിവർക്കാണ് സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകുന്നത്.
ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കായി ഇവർക്ക് നേരത്തെ അഞ്ചു ലക്ഷം രൂപ വീതം നൽകിയിരുന്നു.
വെങ്കല മെഡൽ നേടിയ ശ്രീജേഷിനുള്ള പുരസ്കാര പ്രഖ്യാപനം വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണ്. മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി പറഞ്ഞു.
ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇന്ത്യക്ക് മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രവാസി സംരംഭകൻ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ചിരുന്നു.
ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു ഡോ. ഷംഷീർ പ്രഖ്യാപിച്ചത്.