കിഴക്കമ്പലം: ഒടുവിൽ തന്റെ പേരിലുള്ള റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് തന്നെ മുന്നിട്ടിറങ്ങി. കിഴക്കമ്പലം മാർക്കറ്റ് ജംഗ്ഷൻ മുതൽ അച്ചപ്പൻ കവല വരെയുള്ള ശ്രീജേഷ് റോഡിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇന്ത്യൻ ഹോക്കിതാരം നേരിട്ട് രംഗത്തിറങ്ങിയത്.
ഓരോ തവണ വീട്ടിലേക്ക് വരുമ്പോഴും വഴിയിൽ മാലിന്യം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. ഈ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നേരിട്ടിറങ്ങിയത്. റോഡിനിരുവശത്തും കിടന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തു.
രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഓരോ ദിവസവും ശ്രീജേഷ് റോഡിലും സമീപത്തെ പാടശേഖരങ്ങളിലും തള്ളുന്നുണ്ട്. റോഡിന് സമീപത്ത് വീടുകൾ കുറവായതിനാലും രാത്രി കാലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാണ്. നിരവധി പരാതികൾ പഞ്ചായത്തിനും പോലീസിനും ഇതു സംബന്ധിച്ച് നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.