പയ്യന്നൂര്‍: രണ്ടാഴ്ച മുമ്പ് പയ്യന്നൂരില്‍നിന്നു കാണാതായ വയോധികന് മംഗളൂരുവിൽ മരിച്ചു. ആളെ തിരിച്ചറിയാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് മംഗളൂരുവിൽ സംസ്കരിച്ചു.12 മുതൽ കാണാതായ പാണപ്പുഴ പറവൂര്‍ മണികണ്ഠപുരം സ്വദേശി പി.ആര്. സുകുമാരന്‍ നായർ (84) ആണ് മരിച്ചത്.
സൂചന ലഭിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെത്തിയ ബന്ധുക്കളാണ് മരിച്ചത് പി.ആര്. സുകുമാരന്‍ നായരാണെന്ന് സ്ഥിരീകരിച്ചത്. പയ്യന്നൂരിലെ ജുജു ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിനു പങ്കെടുക്കാനെത്തിയിതിനു പിന്നാലെയാണ് സുകുമാരൻ നായരെ കാണാതായത്.
ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിനൊന്നേകാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചെങ്കിലും മറ്റു വിവരങ്ങളൊന്നും കിട്ടിയില്ല. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വയോധികന് മരിച്ചതായുള്ള സന്ദേശം കഴിഞ്ഞ ദിവസം നാട്ടിലെ പോലീസുകാരുടെ വാട്ട്സ്ആപ്പില്‍ കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ശനിയാഴ്ച പനമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
കാണാതായ അന്ന് വൈകുന്നേരം സ്റ്റേഷന് പരിധിയിലെ തുറമുഖത്തിനടുത്തു മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പനന്പൂർ പോലീസ് അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നതായും രണ്ടാഴ്ച കഴിഞ്ഞിട്ടും ആരുമെത്താതിരുന്നതിനാല്‍ വെള്ളിയാഴ്ച മൃതദേഹം മംഗളൂരുവിൽ സംസ്കരിച്ചതായും പോലീസ് ബന്ധുക്കളെ അറിയിച്ചു. ഷര്‍ട്ട്, വെപ്പു പല്ല് ഉള്‍പ്പടെയുള്ള വസ്തുക്കൾ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കള്‍: മിനി എസ്. നായര്‍,അരുണ്‍കുമാര്‍(ഗള്‍ഫ്), അനില്‍കുമാര്‍ (മുംബൈ), ബിന്ദു, അജിത് കുമാര്‍(ഗള്‍ഫ്).മരുമക്കള്‍: നാരായണന്, രശ്മി, സിന്ധു, സുരേഷ്, ബിന്ദു. സഹോദരങ്ങള്‍: സരോജിനി അമ്മ, രാജമ്മ, ജഗദമ്മ, ശശിധരന് നായര്‍, വിമല.