കൂത്തുപറമ്പ്: ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിനു സമീപം നിർമാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീടിനുനേരേ അക്രമം. വീടിന്റെ ചുമർ തകർത്തു. സി.പി.പ്രഭാകരന്റെ വീടിനു നേരെയാണു വെള്ളിയാഴ്ച രാത്രി അക്രമമുണ്ടായത്.
വീടിന്റെ തറയ്ക്കു മുകളിലായി മുഴുവൻ ഭാഗത്തും ചുമരായി ഉയർത്തിയ ഏഴുവരി കല്ലുകളാണ് അക്രമിസംഘം തകർത്തത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരമുള്ള ധനസഹായം കൊണ്ട് ആരംഭിച്ചതായിരുന്നു വീട് നിർമാണം.
നിർമാണപ്രവൃത്തി നടക്കുന്നതിനാൽ പ്രഭാകരനും കുടുംബവും തൊട്ടടുത്തു തന്നെയുള്ള താത്കാലിക ഷെഡ്ഡിലാണു താമസിച്ചു വന്നത്. പ്രഭാകരൻ മകളുടെ വീട്ടിലും ഭാര്യ പരിസരത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനും പോയതിനാൽ വെള്ളിയാഴ്ച രാത്രി വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
ശനിയാഴ്ച രാവിലെ ആറോടെ വീട്ടുകാർ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. വിവരമറിഞ്ഞു കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കണ്ണവം പോലീസും സ്ഥലത്തെത്തി.