വടക്കഞ്ചേരി: ഭോപ്പാൽ ദുരന്തത്തിന്റെ മുപ്പത്തിനാലാം വാർഷികത്തിലും ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് കെ.ടി.പ്രഭാകരൻ. ഭോപ്പാൽ ദുരന്തിന്റെ ഓർമദിനത്തിൽ മഞ്ഞപ്ര പി.കെ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുമായി ഓർമകൾ പങ്കുവയ്ക്കാനെത്തിയതായിരുന്നു പ്രഭാകരൻ.
ഭോപ്പാലിൽ അമേരിക്കൻ കന്പനിയായ യൂണിയൻ കാർബൈഡിൽ 1984 ഡിസംബർ മൂന്നിന് പുലർച്ചെയാണ് വിഷവാതകച്ചോർച്ചയുണ്ടാകുന്നത്. അതിന് മണിക്കൂറുകൾക്ക് മുന്പാണ് എം.ഐ.സി. (മീഥേൽ ഐസോ സയനേറ്റ്) പ്ലാന്റിൽ അസിസ്റ്റന്റ് ഫിറ്ററായി ജോലിചെയ്യുന്ന പാടൂർ പീച്ചങ്കോട് പ്രബിഷഭവനിലെ കെ.ടി.പ്രഭാകരൻ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയത്. അതിനാൽ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ടു.
എന്നാൽ സഹപ്രവർത്തകരുടെ മരണവും വേദനകളും പ്രഭാകരനെ വല്ലാതെ തളർത്തി. ദുരന്തമേഖലയിൽ നിന്നും രക്ഷപ്പെട്ടതിനേക്കാൾ നീറുന്ന നൊന്പരങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. റോഡിൽ മരണത്തെ മുഖാമുഖംകണ്ട് മയങ്ങിക്കിടന്ന ഒരുപാട് പേരെ രക്ഷിച്ചു. കുറെ സുഹൃത്തുക്കളും പരിചയക്കാരു മെല്ലാം മരണത്തിന്റെ പിടിയിലകപ്പെട്ടു.
കന്പനി പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ച് നാട്ടിലെത്തി. ഇപ്പോൾ പീച്ചങ്കോട്ടിൽ ചെറിയ പെട്ടിക്കട നടത്തിയാണ് ജിവിക്കുന്നത്. 62 കാരനായ പ്രഭാകരൻ ദുരന്തമുഖത്ത് നിന്ന് ഉയിർത്തെഴുന്നേറ്റ ഭോപ്പാലിന്റെ പുതിയമുഖവും അടുത്തിടെ പ്രഭാകരൻ അവിടെ പോയി കണ്ടു. മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദുരന്തത്തിന്റെ ഭീഭത്സരൂപങ്ങൾ ഇന്നും അവിടെവിടെയായി കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി എം.ശിവദാസ് മാസ്റ്റർ പ്രഭാകരനെ പൊന്നാട അണിയിച്ച് ആദരിച്ചു. എ.സി.വിമല ഉപഹാരം നല്കി. ബി.സന്തോഷ്, സി.ബിജു വർഗീസ്, എൻ.ബിന്ദു, ഐ.രജിത, യു.സുധന്യ, എ.ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.