തലശേരി: വളപട്ടണം ഗ്രീൻ വുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. കേസിന്റെ വിചാരണ പൂർത്തിയായതിനെ തുടർന്നുള്ള പ്രോസിക്യൂഷൻ വാദമാണ് ഇന്നലെ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായത്. പ്രതിഭാഗം വാദം 15 ന് നടക്കും.
വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം പ്രഭാകർ ദാസിന്റെ കൈയും കാലും പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിയശേഷം മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്ത് കോടതിയിൽ പറഞ്ഞു. കൈകാലുകൾ ബന്ധിച്ച് കുടൽമാല പുറത്തായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വാദത്തിനിടയിൽ പ്ലാസ്റ്റിക് കയറു കൊണ്ട് കൈകാലുകൾ ബന്ധിച്ച് കുടൽ മാല പുറത്തായ നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രം പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിക്കാട്ടി.
2018 മേയ് 19ന് രാത്രി 11 മണിക്കാണ് കേസ് ആസ്പദമായ സംഭവം നടന്നത്. ഭാര്യയുടെയും പതിനൊന്ന് വയസുള്ള മകളുടെയും മുന്നിൽ നടന്ന കൊലപാതകത്തിൽ അഞ്ച് പ്രതികൾ ഉണ്ടെങ്കിലും നാലുപേരെ മാത്രമാണ് പിടികൂടിയത്.
പ്രതികൾ കൊലയ്ക്കുശേഷം വീട് പുറത്തുനിന്ന് പൂട്ടിയാണ് രക്ഷപ്പെട്ടത്. കുടുംബാംഗങ്ങളും അയൽവാസികളും പോലീസ് ഉദ്യാഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രതികൾ കൊലപാതകവും കൊള്ളയും നടത്തിയതായി വ്യക്തമാക്കുന്നുണ്ട്.
പ്രതികൾക്കെതിരെ 302,461 ,396, 324,341 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഒഡീഷ സാന്ത വില്ലേജിലെ ഗണേഷ് നായിക്ക് (25) റിങ്കു തൂഫാൻ( 21 ) ബപ്പുണ്ണ എന്ന രാജേഷ് ബഹ്റ (18) ചിഞ്ചു എന്ന പ്രസാന്ത് സേട്ട് (23) എന്നിവരാണ് വിചാരണ നേരിടുന്നത്. വളപട്ടണം എസ് ഐ യായിരുന്ന ഇപ്പോഴത്തെ പാനൂർ എസ് ഐ സി.സി ലതീഷിന്റെ നേതൃത്വത്തിൽ ഒഡിഷയിലെ സാന്ത ഗ്രാമത്തിൽനിന്നും അതിസാഹസികമായാണ് അന്ന് പ്രതികളെ പിടി കൂടിയത്.