ബാഹുബലി നായകൻ പ്രഭാസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാജമൗലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ പ്രഭാസ് നായകനാകുമെന്നാണ് സൂചന. ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തിയുടെ പടവുകൾ കയറിയ നടനാണ് പ്രഭാസ്. ഈ തെലുങ്ക് യുവതാരത്തിന്റെ അഭിനയജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു രാജമൗലി ചിത്രം. വിവാഹം പോലും മാറ്റിവച്ച്, വേറെ ഒരു സിനിമയും കരാർ ചെയ്യാതെ, ബാഹുബലിക്കായി പ്രഭാസ് അഞ്ചു വർഷം വിയർപ്പൊഴുക്കി.
ഈ 37കാരന്റെ ആത്മസമർപ്പണത്തിനും അധ്വാനത്തിനും സംവിധായകൻ രാജമൗലി നൽകാൻ പോകുന്നപ്രതിഫലം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിലേക്കുള്ള അവസരം ആണെന്നാണ് സൂചന. ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്യാനൊരുങ്ങുന്പോഴാണ് പുതിയ വാർത്തയും എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ താരമൂല്യം കുതിച്ചുയർന്ന പ്രഭാസിന് ഇന്ന് ബോളിവുഡിലും വൻ ഡിമാൻഡാണ്.
പ്രഭാസിനെ നായകനാക്കി സിനിമ നിർമിക്കാൻ കരണ്‍ ജോഹറിനെ പ്രേരിപ്പിച്ചതും അതുതന്നെ. ബാഹുബലി പോലെ വിവിധ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന് 200 കോടിക്കടുത്താണ് ബജറ്റ്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അഭ്യൂഹങ്ങൾ ശക്തമാകുന്പോഴും മൗനം പാലിക്കുകയാണ് കരണും രാജമൗലിയും പ്രഭാസും. അടുത്തിടെ മുംബൈയിൽ വച്ച് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, മറ്റൊരവസരത്തിൽ പറയാമെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. ഒൗദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് എല്ലാവരും.