ബാഹുബലിക്കുശേഷം അനുഷ്കയും പ്രഭാസും വീണ്ടും ഒന്നിക്കുന്നു. ഭാഗ്മതി എന്ന ചിത്രത്തിലാണ് ഈ ജോഡിയുടെ കൂടിച്ചേരൽ. അരുന്ധതി, രുദ്രമാദേവി തുടങ്ങിയ ചിത്രങ്ങളെപ്പോലെ ഭാഗ്മതിയും ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ വളരെ ശക്തമായ ചെറിയ വേഷമാണ് പ്രഭാസിന്റേത്.
അനുഷ്കയുടെ ജോഡിയായിട്ടാവും പ്രഭാസ് എത്തുക. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും ഉണ്ടാകുമെന്നാണ് സൂചന. പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകും എന്ന ഗോസിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഈ ജോഡികൾ വീണ്ടുമൊരു സിനിമയിൽ എത്തുന്നതെന്ന വാർത്ത വന്നിരിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിനായി നീക്കിവച്ച 6,000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്നു വയ്ക്കാൻ കാരണം അനുഷ്കയോടുള്ള പ്രണയമാണെന്നായിരുന്നു വാർത്തകൾ.
പ്രഭാസിന്റെ സുഹൃത്തുക്കളായ പ്രമോദ് ഉപ്പലപ്പട്ടി, വി.വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്മതിയിൽ ഒരു പ്രധാന വേഷത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഉണ്ടാകും. ജനതാ ഗാരേജിനു ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായിരിക്കും ഇത്. ബാഹുബലിക്കുമുന്പ് പ്രഭാസിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായ മിർച്ചിയിൽ അനുഷ്കയായിരുന്നു നായിക. ഭാഗ്മതി ഈ വർഷം തിയറ്ററുകളിലെത്തും.