പ്രഭാസിന്റെ പുതിയ സിനിമ കൽക്കി 2898 എഡിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻ താരനിര കൽക്കിയിൽ അണിനിരന്നിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം സമയത്തായിരുന്ന പ്രഭാസിന് കൽക്കിയുടെ വിജയം നൽകുന്ന ആശ്വാസം ചെറുതല്ല.
കൽക്കിയിൽ പ്രഭാസിനൊപ്പം ബോളിവുഡ് നടി ദിഷ പഠാണിയും ഒരു ചെറിയ വേഷം ചെയ്തിരുന്നു. റോക്സി എന്ന കഥാപാത്രത്തെയാണ് ദിഷ സിനിമയിൽ അവതരിപ്പിച്ചത്.
ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് ദിഷയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ കൽക്കി റിലീസ് ചെയ്തതിന് പിന്നാലെ ദിഷയുടെ കൈയിൽ കാണുന്ന പുതിയ ടാറ്റൂവാണ് ആരാധക ശ്രദ്ധ നേടുന്നത്. പിഡി എന്ന രണ്ടക്ഷരങ്ങളാണ് ദിഷയുടെ പുതിയ ടാറ്റൂ. ടാറ്റൂവിന് പിന്നിലെ രഹസ്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയുടെ ആരാധകർ.
പ്രഭാസിനെയാണ് ഈ രണ്ടക്ഷരം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു. പി എന്നത് പ്രഭാസിനെയും ഡി എന്നത് ദിഷയെയും ആണോ ഉദ്ദേശിക്കുന്നതന്നും ആരാധകർ ചോദിക്കുന്നു. ഡാർലിംഗ് സ്റ്റാർ എന്നാണ് പ്രഭാസിനെ ആരാധകർ വിളിക്കാറ്. പ്രഭാസ് ഡാർലിംഗ് എന്നാണ് ഈ ടാറ്റൂ കൊണ്ടുദ്ദേശിച്ചതെന്നും ഇരുവരും ഡേറ്റിംഗിലായിരിക്കാമെന്നും ആരാധകർ പറയുന്നു.
അതേസമയം ഈ വാദം തള്ളിക്കൊണ്ടും കമന്റുകൾ വരുന്നുണ്ട്. അഭ്യൂഹങ്ങൾ കടുത്തതോടെ ദിഷ പടാണി തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചു. ടാറ്റൂവിനെക്കുറിച്ചുള്ള കൗതുകം തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നാണ് ദിഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വരുന്ന ഈ വാദങ്ങളെല്ലാം താരങ്ങളുടെ പിആർ ടീം തന്നെ സൃഷ്ടിച്ചതാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായം വരുന്നുണ്ട്.
ഒപ്പം അഭിനയിച്ച പല നടിമാരുമാരുടെയും പ്രഭാസിന്റെയും പേരുകൾ ചേർത്തു നേരത്തെയും ഗോസിപ്പുകൾ വന്നിട്ടുണ്ട്. ആദിപുരുഷ് എന്ന സിനിമ ചെയ്യുന്ന സമയത്ത് നായിക കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിരുന്നു.
എന്നാൽ നാളുകൾക്കുള്ളിൽ ആ ഗോസിപ്പ് അവസാനിച്ചു. നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഏറെക്കാലം സിനിമാലോകത്ത് സംസാരമുണ്ടായിരുന്നു. ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇത്തരത്തിൽ ഗോസിപ്പ് പരന്നത്.
ഗോസിപ്പുകളെ രണ്ടു പേരും പിന്നീടു നിഷേധിക്കുകയാണുണ്ടായത്. 44 കാരനായ പ്രഭാസ് ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നടൻ ഒഴിഞ്ഞുമാറാറാണ് പതിവ്. വിവാഹം ചെയ്ത് ആരാധികമാരെ വിഷമിപ്പിക്കുന്നില്ലെന്ന് അടുത്തിടെ നടൻ പറഞ്ഞിരുന്നു.