ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. പിന്നീട് വമ്പന് ബജറ്റിലുള്ള ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുകയായിരുന്നു.
പ്രീ ബിസിനസില് മിക്ക ചിത്രങ്ങളും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രവും പതിവ് ആവര്ത്തിക്കുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ പ്രീ ബിസിനസില് നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്.
പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്ട്ടുകള്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് പ്രീ ബിസിനസിന്റെ വിശദാംശങ്ങള് ട്വീറ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്.
മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര് വിതരണാവകാശം, ഒ.ടി.ടി, സാറ്റ്ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള് പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള് പ്രവചിക്കുന്നത്. റിപ്പോര്ട്ടുകള് പ്രകാരം 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തില് നായികയായെത്തുന്നത് കൃതി സാനോനാണ്. രാമനായി പ്രഭാസ് എത്തുമ്പാള് രാവണനായി സെയ്ഫ് അലിഖാന് വേഷമിടുന്നു.
ചിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയിലര് ഏറെ വിമര്ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്സില് മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലര് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ ചിത്രത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയും വര്ദ്ധിച്ചിട്ടുണ്ട്.
ടി-സീരിസ്, റെട്രോഫൈല് ബാനറില് ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണിത്. സാഹോ വിജയം കണ്ടപ്പോള് രാധേശ്യാം വന് പരാജയമായി. ജൂണ് 16നാണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്.