കൊച്ചി: കവി പ്രഭാവർമയ്ക്കു പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ അവാർഡ് വിതരണനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി ഹൈക്കോടതി പന്നീട് വിശദമായി പരിഗണിക്കും.
സമ്മാനർഹമായ കൃതിയിൽ കൃഷ്ണനെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതിനാൽ ജ്ഞാനപ്പാന അവാർഡ് പ്രഭാ വർമയ്ക്കു നല്കുന്നതു തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ ചാവക്കാട് സ്വദേശി രാജേഷ് എ. നായർ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സി.ടി. രവികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വെള്ളിയാഴ്ച ഗുരുവായൂരിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജ്ഞാനപാന അവാർഡ് വിതരണം ചെയ്യുന്നത് തടഞ്ഞാണു കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹർജിയിൽ പ്രഭാ വർമ, മല്ലിശേരി ഇല്ലം കാരണവർ,ഗുരുവായൂർ ക്ഷേത്രം തന്ത്രി എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണനെയും ഭഗവത്ഗീതയെയും വികലമായി ചിത്രീകരിക്കുന്ന ശ്യാമമാധവം എന്ന കാവ്യസമാഹാരം എഴുതിയ പ്രഭാവർമയ്ക്കു ജ്ഞാനപ്പാന അവാർഡ് നല്കുന്നത് ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുമെന്നാണ് ഹർജിയിലെ വാദം.
ഗുരുവായൂർ ദേവസ്വം നിയമത്തിന് വിരുദ്ധമായിട്ടാണ് അവാർഡ് നല്കിയിരിക്കുന്നതെന്നും ഹർ ജിയിൽ പറയുന്നു.