തിരുവനന്തപുരം: സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് മാറ്റം.
ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാനെ കോട്ടത്തറ ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. ഭരണ സൗകര്യാർഥമാണ് മാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെ മന്ത്രി നടത്തിയ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികരണം.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം നടപടികളെ തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണം.
ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലര്‍ക്കും കൊടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നല്‍കൂ എന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു.