അഗളി : അട്ടപ്പാടി ആരോഗ്യ നോഡൽ ഓഫീസറും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ.പ്രഭുദാസിനെ മാറ്റിനിർത്തിക്കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ കോട്ടത്തറ ആശുപത്രി സന്ദർശനം വിവാദമാകുന്നു.
നോഡൽ ഓഫീസറെ ആശുപത്രിയിൽനിന്നും തന്ത്രപൂർവം ഒഴിവാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യമന്ത്രി കോട്ടത്തറ ആശുപത്രിയിൽ എത്തിയത്.
അവലോകന യോഗത്തിനു തിരുവനന്തപുരത്ത് എത്തണമെന്ന് അറിയിപ്പിനെതുടർന്നാണ് തലസ്ഥാനത്തെത്തിയത്.
എന്നാൽ അത്തരത്തിലൊരു യോഗം തലസ്ഥാനത്തു വിളിച്ചിരുന്നില്ലെന്ന് മടങ്ങിയെത്തിയ പ്രഭുദാസ് മാധ്യമങ്ങളോടു പറഞ്ഞു.
ആശുപത്രിയുടെ മുഴുവൻ കാര്യങ്ങളുടെയും ചുമതലകൾ വഹിക്കുന്ന താൻ മന്ത്രി എത്തുന്ന സമയം ഇവിടെ ഇല്ലാതെ പോയതിനാൽ ആശുപത്രി നേരിടുന്ന പ്രധാന വിഷയങ്ങൾ മന്ത്രിക്കു മുൻപിൽ അവതരിപ്പിക്കാനായില്ലെന്നും ഡോ.പ്രഭുദാസ് പറഞ്ഞു.
ആശുപത്രിയിൽ വിനിയോഗിച്ചിട്ടുള്ള ഫണ്ട് സംബന്ധിച്ചുള്ള വിശദീകരണങ്ങൾ മന്ത്രിക്കു മുന്പിൽ വ്യക്തമാക്കാനുമായില്ല.
മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ചില രാഷ്ട്രീയ നേതാക്കളാണ് കൈക്കൂലിക്കാരായി നിലകൊള്ളുന്നതെന്നും കൈക്കൂലി നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തനങ്ങൾക്കും താൻ കൂട്ടുനിൽക്കില്ലന്നും ഡോ. പ്രഭുദാസ് മാധ്യമങ്ങളോടു തുറന്നടിച്ചു.ഡോ. പ്രഭുദാസിന്റെ പ്രതികരണം വൻ വിവാദങ്ങൾക്കാണ് വഴിതെളിക്കുന്നത്.