റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറിപ്പോയതിന് പിന്നില്‍ കാര്‍ഗോ കമ്പനി ജീവനക്കാരന്റെ പിഴവെന്ന് സൂചന.
ഒരു മലയാളിയുടെയും മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയുടെയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. മലയാളിയുടെ മൃതദേഹത്തിന് പകരമെത്തിച്ച മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
മൃതദേഹങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ക്ക് മുകളില്‍ പതിച്ചിരുന്ന സ്റ്റിക്കറുകള്‍ മാറിപ്പോയതാണ് പിഴവിന് കാരണമെന്നാണ് സൂചന.
കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽവീട്ടിൽ ഷാജി രാജന്റെയും (50), യു.പി വാരണാസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തേക്ക് എത്തിയത്.
സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു രണ്ട് മൃതദേഹങ്ങളും രണ്ട് വിമാനങ്ങളിലായി ഇരുവരുടെയും നാട്ടിലേക്ക് അയച്ചത്.
കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ഗ്യാസ് ചേംബർ ഉപയോഗിച്ച് ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ രണ്ടര മാസം മുമ്പാണ് മലയാളിയായ ഷാജി രാജന് മരിച്ചത്.
അല്‍ ഖോബാറിലെ ദോസരി ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 25ന് ആയിരുന്നു മുഹമ്മദ് ജാവേദിന്റെ മരണം.
രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഒരേ ദിവസമാണ് പൂര്‍ത്തിയായത്.
അൽഅഹ്സയിലെ സാസ്കാരിക സംഘടനയായ നവോദയ പ്രവർത്തകരാണ് ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിലായിരുന്നു ജാവേദിന്റെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ചത്.