സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ കേന്ദ്ര സർക്കാരിനെതിരേ സംഘടിപ്പിച്ച ധർണയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി.
ഫെഡറേഷന്റെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. റേഷൻ കടയുടമകളുടെ നിലനിൽപ്പുതന്നെ ഇപ്പോൾ ഭീഷണി നേരിടുകയാണ്.
ഇക്കാര്യങ്ങൾ വ്യക്തമാക്കി സംഘടനയുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതച്ചെലവും കടനടത്തിപ്പു ചെലവും വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, അടിസ്ഥാന വിലയിൽ കിലോയ്ക്ക് വെറും 20 പൈസ കൂട്ടുന്നത് ക്രൂരമായ തമാശയാണ്.
തങ്ങളുടെ സാന്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബംഗാൾ മോഡൽ സൗജന്യ റേഷൻ വിതരണ സന്പ്രദായം രാജ്യം മുഴുവൻ നടപ്പാക്കണമെന്നും സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിലുണ്ട്.
അരിയുടെയും ഗോതന്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗ്രാമീണ മേഖലയിലെ റേഷൻ കട ഡീലർമാരെ അനുവദിക്കണമെന്നു സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു ആവശ്യപ്പെട്ടു.
ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.