സ്വന്തം ലേഖകൻ
കണ്ണൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കണ്ണൂർ ലോക്സഭാ മണ്ഡലം ഉണർന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണത്തിൽ ഒരുപിടി മുന്നിലാണ്. അടുത്ത ദിവസങ്ങളിൽ തന്നെ യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ പ്രചാരണത്തിനു ചൂടു പിടിക്കും. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനം കണ്ണൂർ ജില്ലയിൽ നിന്ന് തന്നെയാണ് ആരംഭിച്ചത്.
എൽഡിഎഫ് സ്ഥാനാർഥിയായ പി.കെ. ശ്രീമതി പരസ്യപ്രചാരണം രണ്ടാംദിവസത്തിലേക്ക് കടന്നു. ഇന്നു ജില്ലയിലെ കോളജ് കാന്പസുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. 2014 ൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ. സുധാകരനെയാണ് ശ്രീമതി പരാജയപ്പെടുത്തിയത്. കെ. സുധാകരൻ തന്നെയാണ് കണ്ണൂരിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥി ചർച്ചകളിൽ മുന്നിൽ നിൽക്കുന്നത്.
കെ. സുധാകരൻ മത്സരിക്കാൻ ഇല്ലെങ്കിൽ കെ. സുരേന്ദ്രനോ സതീശൻ പാച്ചേനിയോ സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്. ബിജെപിക്ക് കെ. രഞ്ജിത്തോ സി.കെ. പദ്മാഭനോ സ്ഥാനാർഥിയാകാനാണ് സാധ്യത. പേരാവൂർ, ഇരിക്കൂർ, തളിപ്പറന്പ്, മട്ടന്നൂർ, അഴീക്കോട്, കണ്ണൂർ, ധർമടം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. പേരാവൂർ, ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫിന് സ്വാധീനമുള്ളതാണ്.
തളിപ്പറന്പ്, മട്ടന്നൂർ, ധർമടം എന്നിവ എൽഡിഎഫിന് മുൻതൂക്കമുണ്ട്. അഴീക്കോട് ഇരുമുന്നണികൾക്കും സാധ്യതയുണ്ട്. വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനും കണ്ണൂർ ജില്ലയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ കൂത്തുപറന്പ്, തലശേരി മണ്ഡലങ്ങൾ വടകര ലോക്സഭാ മണ്ഡലത്തിൽ വരുന്നുണ്ട്.
കൂത്തുപറന്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ചൊക്ലിയിലെ വീട്ടിൽ നിന്നാണ് പി. ജയരാജൻ പ്രചാരണം ആരംഭിച്ചത്. വടകരയിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആർഎംപി ഇന്നോ നാളയോ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കെ.പി. സതീഷ്ചന്ദ്രൻ കണ്ണൂർ ജില്ലയിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ കല്യാശേരി, പയ്യന്നൂർ നിയോജക മണ്ഡലങ്ങൾ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലാണുള്ളത്. ഇവിടെയും കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.