യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗത്തിന് അഭിനന്ദന പ്രഭാവങ്ങളായിരുന്നു സോഷ്യൽ മീഡിയ നിറയെ. എന്നാൽ പ്രാചിയുടെ ഫോട്ടോ പുറത്ത് വന്നതോടെ കൈയടികൾ പിന്നീട് കളിയാക്കലുകളും കുത്തു വാക്കുകളും കൊണ്ട് നിറഞ്ഞു. മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് ആ പതിനഞ്ചുകാരി നേരിട്ടത്. ഇപ്പോഴിതാ തന്നെ കളിയാക്കുന്നവർക്ക് ചുട്ട മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പ്രാചി.
‘ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നുമാണ് പ്രാചിയുടെ വാദം’. “ട്രോളർമാർക്ക് അവരുടെ മാനസികാവസ്ഥയിൽ ജീവിക്കാൻ കഴിയും, ഞാൻ നേടിയ വിജയം ഇപ്പോൾ എന്റെ ഐഡന്റിറ്റിയാണെന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ കുടുംബമോ അധ്യാപകരോ സുഹൃത്തുക്കളോ ഒരിക്കലും എന്റെ രൂപത്തിന്റെ പേരിൽ എന്നെ വിമർശിച്ചിട്ടില്ല, അതിനാൽ തന്നെ ഞാനും അതിനെക്കുറിച്ചോർത്ത് വിഷമിച്ചിട്ടില്ല. ഫലം വന്നതിന് ശേഷം എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോഴാണ് ആളുകൾ എന്നെ ട്രോളാൻ തുടങ്ങിയത്, അങ്ങനെയാണ് ഞാന്‍ പോലും അത് ശ്രദ്ധിച്ചത്.’ എന്ന് പ്രാചി പറഞ്ഞു.
അതേസമയം പ്രാചിക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും എത്തിയിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനും സ്വപ്നങ്ങൾ നേടിയെടുക്കാനുമായിരുന്നു പ്രാചിക്ക് പ്രിയങ്കാ ഗാന്ധിയുടെ ഉപദേശം. ട്രോളുകൾ ശ്രദ്ധിക്കേണ്ടെന്നും പ്രിയങ്ക പ്രാചിയോട് പറഞ്ഞു.