തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നടത്താനിരുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മേയ് 15നകം പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞാൽ മേയിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ സ്ഥിതിഗതികൾക്ക് മാറ്റമില്ലെങ്കിൽ പരീക്ഷ പൂർണമായും ഒഴിവാക്കാനും സാധ്യതയുണ്ട്.
തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാനാണ് ആലോചന.അതേസമയം, സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും.
4,46,471 വിദ്യാർഥികളാണ് ഇക്കുറി ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. 28,565 പേർ വിഎച്ച്എസ്ഇ പരീക്ഷയും എഴുതുന്നുണ്ട്. മേയ് പത്തിന് മൂല്യനിർണയം ആരംഭിക്കും.