മുംബൈ: മുന്‍ മീഡിയം പേസ് ബൗളറും ജൂനിയര്‍ നാഷണല്‍ ടീമിന്റെ ചീഫ് സെലക്ടറുമായ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ മുന്‍ ഡയറക്ടറായിരുന്ന രവി ശാസ്ത്രിക്ക് പിന്നാലെയാണ് പ്രസാദ് അപേക്ഷ സമര്‍പ്പിച്ചത്. ടീം ഇന്ത്യയുടെ പരിശീലകനാകാൻ മത്സരിക്കാന്‍ തയാറാണെന്ന് പ്രസാദ് വ്യക്തമാക്കി.
1990 കളില്‍ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്ന പ്രസാദ് 33 ടെസ്റ്റും 162 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2007ൽ ഇന്ത്യൻ ടീമിന്റെ ബോളിംഗ് പരിശീലകനായും പ്രസാദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിച്ചതോടെ ഈ വര്‍ഷം സെപ്റ്റംബറോടെ ചീഫ് സെലക്റ്റര്‍ സ്ഥാനത്ത് നിന്ന് വെങ്കിടേഷ് പ്രസാദ് പടിയിറങ്ങും.
കരാര്‍ നീട്ടാതെ അനിൽ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് രാജിവച്ചതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടി കൂടുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക കമ്മിറ്റിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്.