അനിൽ തോമസ്
പുത്തൂർ: ഹെലികോപ്റ്റർ അപകടത്തി ൽ മരിച്ച പ്രദീപിന്റെ അച്ഛന്റെ ദയനീയാവസ്ഥ സങ്കടക്കാഴ്ചയാണ്… പ്രദീപിന്റെ ദാരുണമരണം അറിഞ്ഞു നാടിന്റെ നാനാതുറകളിൽനിന്നുള്ള ആളുകൾ ബുധനാഴ്ച രാത്രി മുതൽ ഇവിടെയെത്തുന്നുണ്ട്.
സംഭവം നടന്ന ദിവസം ആദ്യമണിക്കൂറുകളിൽ പ്രദീപിന്റെ അമ്മയെ വിവരം അറിയിച്ചെങ്കിലും, ശ്വാസകോശ സംബന്ധമായ അസുഖത്തെ ത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണനെ ഈ വിവരം അറിയിച്ചിട്ടില്ല.
രണ്ടു ദിവസമായി വീട്ടിൽ അപ്രതീക്ഷിതആൾത്തിരക്കുകണ്ട് കാര്യമെന്താണെന്നു രാധാകൃഷ്ണൻ തിരക്കുന്നുണ്ട്. എന്തോ ചടങ്ങു നടക്കുന്നുണ്ടെന്ന സൂചനകൾമാത്രമാണു വിവരം ചോദിച്ചവരൊക്കെ നൽകിയത്. പ്രദീപിന്റെ ഭാര്യയേയും മക്കളെയും കണ്ട്, പ്രദീപ് എവിടെയെന്നും എപ്പോൾ വരുമെന്നുമൊക്കെ രാധാകൃഷ്ണൻ തിരക്കുന്നുണ്ട്.
പ്രദീപിനോടെപ്പം സുളൂരിൽ ക്വാട്ടേഴ്സിൽ ആയിരുന്ന ഭാര്യ ശ്രീലക്ഷ്മിയേയും മക്കളായ ദക്ഷൻ ദേവ്, ദേവപ്രയാഗ് എന്നിവരെയും വ്യാഴാഴ്ച രാത്രിയാണു പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. രാവിലെ പ്രദീപിന്റെ മക്കളെ പതിവില്ലാതെ വീട്ടിൽകണ്ട രാധാകൃഷ്ണൻ പ്രദീപ് എവിടെയെന്നു ചോദിച്ചപ്പോൾ ഒന്നു മറുപടി പറയാൻപോലും ആർക്കുമായില്ല.
വീട്ടുകാരും ബന്ധുക്കളും സങ്കടം ഉള്ളിൽ കടിച്ചമർത്തുകയായിരുന്നു.ഇന്നോ നാളെയോ ആയി ധീരസൈനികനായ പ്രദീപിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തുന്പോൾ അച്ഛനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ധർമസങ്കടത്തിലാണു പ്രദീപിന്റെ അമ്മയും സഹോദരനും ഉറ്റബന്ധുക്കളും.
പൊതുദർശനത്തിനു വിപുലമായ ക്രമീകരണം
തൃശൂർ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂണിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കുന്ന പുത്തൂർ ഗവ. വിഎച്ച് എസ്എസിൽ പുത്തൂർ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ നടുത്തളത്തിൽ മൃതദേഹം വയ്ക്കുന്നതിനായി പുഷ്പപീഠം ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരുൾപ്പടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽനിന്നുള്ളവരും ഇവിടെ മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കും.
കെട്ടിടത്തിന്റെ മുൻ വാതിലിലൂടെ പ്രവേശിച്ച് മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ച ശേഷം പിൻവാതിലിലൂടെ പുറത്തേക്കു കടക്കും വിധമാണു ക്രമീകരണം. റീത്ത് സമർപ്പിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ തഹസിൽദാറും എസിപിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിച്ചു.
ചിതയൊരുങ്ങുന്നത് അറയ്ക്കൽ വീട്ടിലെ തൊടിയിൽ
തൃശൂർ: നാടിന്റെ വീരപുത്രന് അന്ത്യയാത്രയേകാൻ ഒരുങ്ങി പൊന്നൂക്കര ഗ്രാമം.പ്രദീപിന്റെ കുടുംബവീട്ടിലെ പിൻവശത്തുള്ള തൊടിയിലാണു ചിത ഒരുങ്ങുന്നത്. മതാചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷം സൈനിക ബഹുമതികളോടെ ഭൗതിക ശരീരം സ്ഫുടം ചെയ്യും.
ഇന്നലെ രാവിലെ മുതൽ നാട്ടുകാരും തൊഴിലുറപ്പു തൊഴിലാളികളും ചേർന്ന് അന്ത്യകർമങ്ങൾക്കുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു നിരപ്പാക്കി. നാട്ടുകാർക്കും ബന്ധുജനങ്ങൾക്കും സൗകര്യപ്രദമായി ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുംവിധം സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
കോയന്പത്തൂരിൽനിന്നും മൃതദേഹത്തെ അനുഗമിച്ചെത്തുന്ന സുളൂർ എയർഫോഴ് സ് ബേസ്മെന്റിലെ സെറിമണൽ പ്രോട്ടോകോൾ ടീം തങ്ങളുടെ സഹപ്രവർത്തകന് ഒൗദ്യോഗിക ബഹുമതികളോടെ യാത്രയയപ്പു നൽകും. അതിനാവശ്യമായ ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.