ചാത്തന്നൂർ: വിവാദമായ സ്വകാര്യ സ്കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിൽ. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില് കാവ്യാലാലിന്റെ (24) മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന യുവാവാണ് പിടിയിലായത്. മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപാ(24)ണു പ്രതി. കാവ്യക്ക് പന്ത്രണ്ടാം ക്ലാസ് മുതല്‍ പരിചയമുണ്ടായിരുന്ന ഇയാള്‍ക്കെതിരെ പരവൂര്‍ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു.
മകളെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചശേഷം ആത്മഹത്യയിലേക്കു തള്ളിവിട്ട യുവാവിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാവ് ജീന പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 24നു രാവിലെ 10.30നാണ് പരവൂര്‍ മാമ്മൂട്ടില്‍ പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാവ്യാലാലിനെ കണ്ടെത്തിയത്. കഴിഞ്ഞ ആറുവര്‍ഷമായി പ്രണയിച്ചിരുന്ന യുവാവ് അവളെ ഒഴിവാക്കിയതിന്റെ സങ്കടത്തിലാണു കാവ്യ ആത്മഹത്യ ചെയ്തതെന്നാണു ബന്ധുക്കളുടേയും നാട്ടുകാരുടേയും ആരോപണം. 2017 ജൂലൈ 25ന് കാവ്യ യുവാവ് പഠിക്കുന്ന കൊട്ടിയത്തെ ഐടിഐയില്‍ പോയിരുന്നു.
എന്നാല്‍ ബന്ധം തുടരാന്‍ താല്പര്യമില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. ഇനി തന്നെ ശല്യം ചെയ്യരുതെന്നു പറഞ്ഞാണ് ഇയാള്‍ കാവ്യയെ തിരിച്ചയച്ചത്. ജൂലൈ അവസാനം കാവ്യ വീണ്ടും ഇയാളെ കാണാന്‍ പോയി. വീട്ടിലെത്തിയ കാവ്യയെ മര്‍ദിക്കുകയും അസഭ്യം പറഞ്ഞു പുറത്താക്കുകയും ചെയ്തതായും ഈ സംഭവത്തിനു നാട്ടുകാര്‍ ദൃക്സാക്ഷികളാണെന്നും കാവ്യയുടെ ബന്ധുക്കള്‍ പറയുന്നു.
ഓഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളില്‍ യുവാവ് പരീക്ഷയെഴുതിയ പരവൂര്‍ ശിവരാജ് ഐടിഐയിലും കാവ്യ പോയിരുന്നു. എന്നാല്‍ കാവ്യയെ കാണാന്‍ പോലും ഇയാള്‍ കൂട്ടാക്കിയില്ല. യുവാവിന്റെ പെരുമാറ്റത്തിലുണ്ടായ മാനസിക പ്രയാസം കാരണമാണു മകള്‍ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. കാവ്യയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചിട്ടുണ്ടെന്നാണു പരാതി. കാവ്യ യുവാവിനയച്ച മൊബൈല്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.
സന്ദേശങ്ങളുടെ പകര്‍പ്പു മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 20ന് അയച്ച മൂന്നു സന്ദേശങ്ങളാണു പരാതിക്കൊപ്പം നല്‍കിയത്. കാവ്യ ജീവനൊടുക്കിയതിനു പിന്നാലെ യുവാവ് നാടുവിട്ടു. സംഭവം നടന്നു ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് ഇയാള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. പ്രതിയെ സഹായിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടെ അബിന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ഇയാളുടെ മാതാവും രണ്ടാം പ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കാവ്യാലാലിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊട്ടിയത്ത് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു.